കൊച്ചി നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരം സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കും

കൊച്ചി: നിര്‍മാണം പുരോഗമിക്കുന്ന കൊച്ചി നഗരസഭയുടെ മറൈന്‍ഡ്രൈവിലെ ആസ്ഥാനമന്ദിരം പൂര്‍ണമായും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി. നഗരസഭ സന്ദര്‍ശിച്ച സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിക്ക്് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.വി.ടി പവര്‍ കമ്പനിയുടെ പ്രതിനിധികളുമായി മേയറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉണ്ടാക്കിയത്. കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന് സാമ്പത്തികബാധ്യത വരാത്തരീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുഴുവന്‍ കെട്ടിടസമുച്ചയവും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലുള്ള സൗരോര്‍ജ പാനലായിരിക്കും കമ്പനി തയാറാക്കുക. ഇതില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന ഊര്‍ജത്തിന് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക മാത്രമെ കൊച്ചി നഗരസഭ കമ്പനിക്ക് നല്‍കേണ്ടതുള്ളൂ. നഗരസഭയുടെ എല്ലാ സ്ഥാപനങ്ങളും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ഊര്‍ജസ്വാശ്രയത്വത്തിലേക്ക് മാറുന്നതിനുള്ള പദ്ധതിയെക്കുറിച്ചും പി.വി.ടി പവര്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ മേയര്‍ ടോണി ചമ്മണിയെ കൂടാതെ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ജെ. സോഹന്‍, സൗമിനി ജയിന്‍, കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, പി.വി.ടി കമ്പനി ചെയര്‍മാന്‍ ഡെമിട്രിയോ ലിയോണ്‍, കോഫൗണ്ടര്‍ പാട്രിക് ലിയോണ്‍, പി.വി.ടി കമ്പനി ഇന്ത്യന്‍ ഡയറക്ടര്‍മാരായ വിനു ജോസ്, കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.