സാന്ത്വനം സഹായവിതരണം 11ന് എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യും

കൊച്ചി: തൃക്കാക്കര എം.എല്‍.എ ബെന്നി ബഹനാന്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന സാന്ത്വനം സഹായ വിതരണ പരിപാടിയുടെ ഏഴാംഘട്ടം വെള്ളിയാഴ്ച കാക്കനാട് സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കും. 11ന് രാവിലെ 10.30ന് മുന്‍പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി പരിപാടി ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഉദ്ഘാടന പരിപാടികള്‍ക്കുശേഷം ക്യാമ്പ് ആരംഭിക്കും. നിയോജകമണ്ഡലത്തിലെ 30 കുടുംബങ്ങള്‍ക്ക് പട്ടയവിതരണം, കുടുംബനാഥന്‍ നഷ്ടപ്പെട്ട 500 കുടുംബങ്ങള്‍ക്ക് 50,000 രൂപ വരെ ഇന്‍ഷുറന്‍സ് പോളിസി വിതരണം, 425 വ്യക്തികള്‍ക്ക് കാരുണ്യ സഹായഫണ്ടില്‍നിന്ന് ചികിത്സാസഹായം, ഇതുവരെ മുച്ചക്ര വാഹനം ലഭിക്കാത്ത ഭിന്നശേഷിക്കാരായ 14 പേര്‍ക്ക് വാഹന വിതരണം, സാന്ത്വനം ക്യാമ്പുകളില്‍ ഭിന്നശേഷിയുള്ളവരില്‍നിന്ന് ലഭിച്ച വിവിധ അപേക്ഷകളിന്മേല്‍ ട്രൈ സൈക്ക്ള്‍, വീല്‍ചെയര്‍, വാക്കര്‍, ക്രച്ചസ്, ശ്രവണ സഹായി, വാട്ടര്‍ ബെഡ്, എയര്‍ബെഡ്, സീറ്റി ചെയര്‍, വീല്‍ചെയര്‍ വിത്ത് സ്ളീപ്പര്‍, വീല്‍ചെയര്‍ വിത്ത് കമ്മോഡ് തുടങ്ങിയവ വിതരണം ചെയ്യും. നിയോജക മണ്ഡലത്തിലെ 100 ഡയാലിസിസ് രോഗികള്‍ക്ക് വിവിധ ആശുപത്രികളുമായി സഹകരിച്ച് സൗജന്യമായി രണ്ട് ഡയാലിസിസിന് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് എം.എല്‍.എ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട 50 സ്ത്രീകള്‍ക്ക് ക്യാമ്പില്‍ തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്യും. ആറ് സാന്ത്വനം ക്യാമ്പുകളില്‍നിന്ന് ലഭിച്ച 1800ല്‍പ്പരം വിവിധ പെന്‍ഷന്‍ അപേക്ഷകള്‍ ഇതുവരെ തീര്‍പ്പാക്കി. കുടുംബനാഥന്‍ മരണപ്പെട്ട് അനാഥമാകുന്ന കുടുംബങ്ങള്‍ക്ക് ദേശീയ കുടുംബക്ഷേമ ഒറ്റത്തവണ സഹായപദ്ധതിയിലൂടെ നൂറിലേറെ അപേക്ഷകള്‍ തീര്‍പ്പാക്കിയതായി എം.എല്‍.എ അറിയിച്ചു. സാമൂഹികക്ഷേമ വകുപ്പിനുകീഴില്‍ വിവിധ സഹായങ്ങളുടെ ഇനത്തില്‍ 40 ലക്ഷം രൂപ വിതരണം ചെയ്യാനാണ് പരിപാടിയെന്ന് എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.