കൊച്ചി: ഇന്നസെന്‍റ് എം.പി ആവിഷ്കരിച്ച ശ്രദ്ധ കാന്‍സര്‍ കെയര്‍ പദ്ധതിയുടെ കീഴില്‍ ജില്ലയിലെ അഞ്ച് താലൂക്ക് ആശുപത്രികളില്‍ മാമോഗ്രഫി യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി പൂര്‍ത്തിയായി. എം.പിയുടെ പ്രാദേശികഫണ്ട് വിനിയോഗം സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗം വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഇതുസംബന്ധിച്ച പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഈ യൂനിറ്റുകള്‍ ഈവര്‍ഷംതന്നെ പ്രവര്‍ത്തനസജ്ജമാകും. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ വേങ്ങൂര്‍ പഞ്ചായത്തില്‍പ്പെടുന്ന പോങ്ങുംചുവട് ആദിവാസി കോളനിയിലേക്കുള്ള റോഡില്‍ രണ്ട് കലുങ്കുകളുടെ നിര്‍മാണത്തിന് 43.50 ലക്ഷം രൂപ എം.പി ഫണ്ടില്‍നിന്ന് അനുവദിച്ചു. ആദിവാസി ഊരുകളിലെ യാത്രക്ളേശം പരിഹരിക്കണമെന്ന ദീര്‍ഘകാല ആവശ്യം കണക്കിലെടുത്താണ് ഇന്നസെന്‍റ് എം.പി മുന്‍കൈയെടുത്ത് തുക അനുവദിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികളുടെ ഭാഗമായി ഒന്നരക്കോടി ചെലവില്‍ മാതൃ, ശിശു സംരക്ഷണ വാര്‍ഡ് നിര്‍മിക്കാനും നടപടിയായി. കറുകുറ്റി പഞ്ചായത്തിലെ പാലിശ്ശേരിയില്‍ ഹൈസ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് 27.50 രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. വായനശാലകള്‍ക്ക് എം.പി ഫണ്ട് അനുവദിക്കുന്നതിന് ചാരിറ്റബ്ള്‍ സൊസൈറ്റി നിയമം അനുസരിച്ചുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയും മൂന്നുവര്‍ഷം പിന്നിടുകയും വേണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി എല്‍.പി സ്കൂള്‍ കെട്ടിടം, ഐരാപുരം എസ്.സി കോളനിയിലെ പാലം, കിഴക്കമ്പലം പഞ്ചായത്തിലെ ഗ്രാമീണോദയം പബ്ളിക് ലൈബ്രറി, അങ്കമാലി താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ വാര്‍ഡ് എന്നിവക്ക് പുതുതായി ഭരണാനുമതിയായി. മറ്റുപദ്ധതികള്‍ നിര്‍വഹണഘട്ടത്തിലാണ്. യോഗത്തില്‍ ആസൂത്രണസമിതി സെക്രട്ടറി സാലി ജോസഫ്, എം.പിയുടെ പി.എ ബി. സേതുരാജ്, എ.ഡി.സി, ഫിനാന്‍സ് ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.