കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ച നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗം പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ബഹളത്തിലും മുദ്രാവാക്യം വിളിയിലും മേയറെയും നഗരസഭാ സെക്രട്ടറിയെയും തടഞ്ഞുവെക്കലിലും കലാശിച്ചു. പ്രത്യേക യോഗത്തിനുശേഷം നടക്കാനിരുന്ന സാധാരണ യോഗത്തിനത്തെിയ മേയറെ ഡയസിലേക്ക് കയറാന്‍ അനുവദിച്ചില്ല. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ഡയസ് കൈയേറി മുദ്രാവാക്യം വിളിച്ചു. ഭരണ - പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിന് ഇടയാവുകയും ചെയ്തു. ഇരുകൂട്ടരും ഏറ്റുമുട്ടലിന്‍െറ വക്കോളമത്തെുകയും ചെയ്തു. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാറിന് ശിപാര്‍ശ ചെയ്യുമെന്ന് തുടക്കത്തില്‍ മേയര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചയും ബഹളവുമുണ്ടായത്. 11 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട യാത്രാബോട്ടിന് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ളെന്നും അതുമായി ബന്ധപ്പെട്ട രേഖകളടങ്ങിയ ഫയലില്‍ കൃത്രിമം നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു. ചര്‍ച്ചക്കൊടുവില്‍ മേയര്‍ മറുപടിപറയവേ അസ്സല്‍ ഫയല്‍ സഭയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധവും തടയലും. ഫയലിന്‍െറ സര്‍ട്ടിഫൈഡ് കോപ്പി ഹാജരാക്കാമെന്ന് മേയര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. പ്രതിപക്ഷത്തെ അഡ്വ. അനില്‍ കുമാറാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. ബന്ധപ്പെട്ട ഫയലില്‍ കൃത്രിമം നടന്നെന്ന് അനില്‍ അക്കമിട്ടുനിരത്തി. ദുരന്തമുണ്ടായ ദിവസമാണ് സെക്രട്ടറി ഫയലില്‍ ഒപ്പുവെച്ചതെന്നും ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകില്ളെന്നും കരാറുകാരന്‍ നേരത്തേ പണമടച്ചിരുന്നില്ളെന്നും അടക്കമുള്ള ആരോപണങ്ങള്‍ അനില്‍ ഉന്നയിച്ചു. കരാറുകാരന്‍ സമര്‍പ്പിച്ചത് വണ്ടിച്ചെക്കായിരുന്നെന്നും സെക്രട്ടറി ഒപ്പിട്ട തീയതി തെറ്റായിട്ടാണെന്നും അനില്‍ പറഞ്ഞു. അനിലിനെ പിന്തുണച്ച് സംസാരിച്ച പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബും മറ്റു പ്രതിപക്ഷ കൗണ്‍സിലര്‍മാരും മേയറും സെക്രട്ടറിമാരും കുറ്റക്കാരാണെന്നും മേയര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. മേയര്‍ കൊലക്കുറ്റത്തിന് ഉത്തരവാദിയാണെന്നും തല്‍സ്ഥാനത്തിരുന്ന ജുഡീഷ്യല്‍ അന്വേഷണം നടത്താനാകില്ളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാല്‍, ഇതെല്ലാം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നുപറഞ്ഞ് മേയര്‍ അത് നിഷേധിച്ചു. അതേസമയം, പ്രതിപക്ഷ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താമെന്ന് വ്യക്തമാക്കി. ഫയലില്‍ കൃത്രിമം നടന്നെന്ന ആരോപണം വരെ ജുഡീഷ്യല്‍ അന്വേഷണത്തിന്‍െറ പരിശോധനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്യാമെന്നും അറിയിച്ചു. എന്നാല്‍, പ്രതിപക്ഷം തൃപ്തരായില്ല. ഫയലില്‍ കൃത്രിമം നടത്തിയത് സംബന്ധിച്ച് സെക്രട്ടറി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച സെക്രട്ടറി പ്രതിപക്ഷ ആരോപണങ്ങള്‍ നിഷേധിച്ചു. അതോടെ ഫയല്‍ സഭയില്‍ വെക്കണമെന്നായി പ്രതിപക്ഷം. എന്നാല്‍, സര്‍ട്ടിഫൈഡ് കോപ്പി ഹാജരാക്കാമെന്നായി മേയര്‍. പൊലീസിന്‍െറ അന്വേഷണം നടക്കുന്നതിനാലും ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുന്നതിനാലും യഥാര്‍ഥ ഫയല്‍ സുരക്ഷിത കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും മേയര്‍ അറിയിച്ചു. അതോടെ മുദ്രാവാക്യം വിളികളോടെ സഭയുടെ നടുത്തളത്തിലത്തെിയ പ്രതിപക്ഷം മേയറുടെ ചെയറിനുമുന്നില്‍ മുദ്രാവാക്യം വിളിച്ചു. ഇവരെ ശാന്തരാക്കാനുള്ള ശ്രമം വിഫലമായപ്പോള്‍ യോഗം അവസാനിച്ചതായി പ്രഖ്യാപിച്ച് മേയര്‍ സഭ വിട്ടിറങ്ങി. അതോടെ പ്രതിപക്ഷം സെക്രട്ടറിയെ വളഞ്ഞുവെച്ച് മുദ്രാവാക്യം വിളിച്ചു. അല്‍പം കഴിഞ്ഞ് അവര്‍ പിരിഞ്ഞുപോകാന്‍ ഒരുങ്ങുന്നതിനിടെ രണ്ടാം യോഗത്തിന് മേയര്‍ എത്തി. അതോടെ അദ്ദേഹത്തെ ഡയസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞു. ഡയസ് കൈയേറി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം യോഗത്തിലെ എല്ലാ അജണ്ടകളും അംഗീകരിച്ചതായി പ്രഖ്യാപിച്ച് മേയര്‍ സഭവിട്ടു. ബോട്ട് ദുരന്തം സംബന്ധിച്ച് ഇത് രണ്ടാം തവണയാണ് കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.