‘അഷ്ടബന്ധ’ത്തിന് മുപ്പതു വയസ്സ്

കാലടി: അരങ്ങില്‍ അതിശക്തമായ ആശയാവിഷ്കാരത്തിന് അരങ്ങൊരുക്കിയ നാടകം ‘അഷ്ടബന്ധ’ത്തിന് 30 വയസ്സ്. ശ്രീമൂലനഗരം മോഹന്‍െറ രചനയില്‍ 1985ല്‍ മലയാള നാടക അരങ്ങിലത്തെിയ അഷ്ടബന്ധം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. അരങ്ങിലെ അഷ്ടബന്ധത്തിന്‍െറ 30ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, അത് കൈകാര്യം ചെയ്ത വിഷയം ഇന്നും ഏറെ പ്രസക്തമാണ്. ഏതെങ്കിലുമൊരു വിഡ്ഢിയുടെ വിവരം കെട്ട പ്രവൃത്തിയില്‍ ആരംഭിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളുടെ കഥയായിരുന്നു അഷ്ടബന്ധം. അഷ്ടബന്ധത്തിന്‍െറ 30ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി തയാറെടുക്കുകയാണ് അന്ന് നാടകത്തില്‍ അഭിനയിച്ച നടന്മാരും ആസ്വാദകരും. ആലുവ യവനികയുടെ ബാനറില്‍ വിക്രമന്‍ നായരുടെ സംവിധാനത്തിലാണ് അഷ്ടബന്ധം അരങ്ങിലത്തെിയത്. മതഭ്രാന്തുപിടിച്ച ഇന്ത്യയുടെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന കലാസൃഷ്ടി കേരളത്തില്‍ എല്ലായിടത്തും കനത്ത സുരക്ഷയിലാണ് അവതരിപ്പിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഒരേ വേദിയില്‍ തന്നെ നിരവധി പ്രാവശ്യം അഷ്ടബന്ധം അവതരിപ്പിക്കപ്പെട്ടു. നാടകാവതരണം നടന്ന പലയിടങ്ങളിലും അഷ്ടബന്ധത്തിനെതിരെ പോസ്റ്റര്‍ പ്രചാരണങ്ങളും ഭീഷണികളുമുണ്ടായി. പലയിടങ്ങളിലും കനത്ത പൊലീസ് ബന്തവസോടെയാണ് അവതരിപ്പിച്ചിരുന്നത്. 1985ലെ കേരള ഗവര്‍മെന്‍റിന്‍െറ അഖില കേരള പ്രഫഷനല്‍ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും അഷ്ടബന്ധത്തിനായിരുന്നു. എം.കെ. വാര്യര്‍, കാഞ്ഞൂര്‍ മത്തായി, അലിയാര്‍, ചൊവ്വര ബഷീര്‍ തുടങ്ങിയവരൊക്കെ അഷ്ടബന്ധത്തിലെ കഥാപാത്രങ്ങള്‍ക്ക് തന്മയത്വത്തോടെ ജീവന്‍ നല്‍കി. സി.ഐ.സി.സി ബുക് ഹൗസ് പിന്നീട് പുസ്തക രൂപത്തില്‍ പുറത്തിറക്കി. അഷ്ടബന്ധം അതേ പേരില്‍ സിനിമയായി. മതവിഷയം കൈകാര്യം ചെയ്തതായതിനാല്‍ എട്ട് മാസത്തോളമാണ് അഷ്ടബന്ധത്തിന്‍െറ ചലച്ചിത്ര രൂപത്തെ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവെച്ചത്. പിന്നീട് 67 കട്ടുകളോടെയാണ് സിനിമ പുറത്തിറങ്ങിയത്. നല്ല സിനിമ രചനക്കുള്ള അക്കൊല്ലത്തെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു. മുകേഷ്, ലിസി, ബാലന്‍ കെ. നായര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാടകത്തില്‍ നത്ത് മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലിയാര്‍ എന്ന നടന് സിനിമയിലും അതേ വേഷം ചെയ്യാന്‍ ഭാഗ്യം ലഭിച്ചു. അഷ്കര്‍ ആയിരുന്നു സിനിമയുടെ സംവിധാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.