കൊച്ചി: എറണാകുളം സൗത് പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയും സസ്പെന്‍ഷനും. സിറ്റി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോജിനെതിരെയാണ് നടപടി. തൃക്കാക്കര അസി. കമീഷണര്‍ ബിജോ അലക്സാണ്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ച് സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശാണ് ഷിനോജിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥന്‍െറ നിര്‍ദേശം പാലിക്കാത്തതിനും കയര്‍ത്ത് സംസാരിച്ചതിനുമാണ് നടപടി. ഷിനോജിനെതിരായ വകുപ്പുതല അന്വേഷണത്തിന് സിറ്റി അസി. കമീഷണര്‍ എസ്.ടി. സുരേഷ്കുമാറിനെ ചുമതലപ്പെടുത്തി. ഒരു മാസം മുമ്പ് സൗത് സ്റ്റേഷനില്‍ എസ്.ഐ ആയി ചുമതലയേറ്റ എ.സി. വിബിന്‍, ഷിനോജിനെ സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചെന്നാണ് പരാതി. കഴിഞ്ഞ മൂന്നിനാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ ഷിനോജ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷിനോജിന്‍െറ പരാതിയില്‍ എസ്.ഐക്കെതിരെ കേസെടുക്കാന്‍ തയാറായില്ല. ഇത്തരം സംഭവങ്ങളില്‍ ആശുപത്രിയില്‍നിന്ന് വിവരം ലഭിച്ചാല്‍ 12 മണിക്കൂറിനകം മൊഴിയെടുക്കണമെന്ന് നിയമമുണ്ടെങ്കിലും നടപ്പായില്ല. ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുമില്ല. തൃക്കാക്കര അസി.പൊലീസ് കമീഷണര്‍ ബിജോ അലക്സാണ്ടര്‍, സൗത്ത് സി.ഐ സിബിടോം എന്നിവര്‍ സൗത് സ്റ്റേഷനിലത്തെി ദൃക്സാക്ഷികളായ നാലു പൊലീസുകാരില്‍നിന്ന് തെളിവെടുത്തിരുന്നു. എസ്.ഐ കൈയേറ്റം ചെയ്തത് കണ്ടുവെന്ന് പൊലീസുകാര്‍ മൊഴി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാതെ ഷിനോജിനെ സസ്പെന്‍ഡ് ചെയ്തെന്നാണ് സഹപ്രവര്‍ത്തകരായ പൊലീസുകാരുടെ ആരോപണം. സിറ്റി എ.ആര്‍ ക്യാമ്പില്‍നിന്ന് ഷിനോജ് സൗത് സ്റ്റേഷനില്‍ ജോലിക്കത്തെിയിട്ട് രണ്ടരവര്‍ഷമായി. ജനമൈത്രി പൊലീസിനായി ബുള്ളറ്റില്‍ റോമിയോ ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്ന ഷിനോജിനോട് എസ്.ഐ എ.സി. വിബിന്‍ അസഭ്യമായി സംസാരിച്ചുവെന്നും തുടര്‍ന്ന് ഷിനോജിനെ നെഞ്ചില്‍ പിടിച്ച് തള്ളിയശേഷം മുഖത്ത് അടിച്ചുവെന്നുമാണ് പരാതി. റോമിയോ ഡ്യൂട്ടിക്ക് പോകാന്‍ രണ്ട് പൊലീസുകാരാണ് വേണ്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരാളെ വേറെ ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ കൂടെ പോകാന്‍ ആളില്ലാതെ നിന്ന ഷിനോജിനോട് എസ്.ഐ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. സഭ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും എസ്.ഐ പിടിച്ച് തള്ളിയെന്നാണ് ഷിനോജിന്‍െറ പരാതി. അലക്സാണ്ടര്‍ നല്‍കിയ അന്വേഷണറിപ്പോര്‍ട്ട് രാത്രി സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശും ഡെപ്യൂട്ടി കമീഷണര്‍ ഹരിശങ്കറും ചര്‍ച്ചചെയ്തു. തുടര്‍ന്നാണ് സസ്പെന്‍ഷന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.