ജനറല്‍ ആശുപത്രിയില്‍ ലിനാക്ക് കേന്ദ്രത്തിന് ശിലാസ്ഥാപനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാരംഗത്തെ നൂതന സംവിധാനമായ ലിനാക് (ലീനിയര്‍ ആക്സിലറേറ്റര്‍) കേന്ദ്രത്തിന്‍െറ ശിലാസ്ഥാപനം എച്ച്.കെ. ദുവ എം.പി നിര്‍വഹിച്ചു. രാജ്യത്തെ പൊതുമേഖല ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവവും കുറഞ്ഞ രോഗികളും വൃത്തിഹീനമായ അന്തരീക്ഷവുമാണുള്ളത്. കേരളത്തില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ത അന്തരീക്ഷമുണ്ട്. ഒരു വ്യത്യാസവുമില്ലാതെ എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനവും ഇവിടെ കാണാനാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരുപൊതുജനാരോഗ്യ പദ്ധതിക്കായി എട്ട് രാജ്യസഭാംഗങ്ങള്‍ കൈകോര്‍ക്കുന്നത്. രാജ്യസഭ മുന്‍ അംഗം പി. രാജീവിന്‍െറ നേതൃത്വത്തിലാണ് എം.പിമാരുടെ കൂട്ടായ്മയില്‍ കാന്‍സര്‍ ചികിത്സാരംഗത്തെ നൂതന സംവിധാനമായ ലിനാക് (ലീനിയര്‍ ആക്സിലറേറ്റര്‍) പദ്ധതിക്ക് ശിലാസ്ഥാപനം നടത്തിയത്. രാജ്യസഭയില്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന 12 എം.പിമാരില്‍ ആറുപേരാണ് പദ്ധതിയെ പിന്തുണച്ചിട്ടുള്ളത്. വൈകാതെ സചിന്‍ ടെണ്ടുല്‍കറും പദ്ധതിക്കു സഹായവുമായത്തെുമെന്നു പദ്ധതി വിശദീകരിച്ച പി. രാജീവ് വ്യക്തമാക്കി. തുടക്കത്തില്‍ റോട്ടറി ക്ളബിന്‍െറ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ആലോചന. കെട്ടിടവും യന്ത്രസാമഗ്രികളും ഒറ്റത്തവണയായി ആഗോള കരാര്‍ സ്വീകരിക്കണമെന്ന നിബന്ധനയുള്ളതിനാലാണ് എം.പിമാരുടെ സംഘത്തെ സമീപിച്ചത്. ഇത്തരം കാര്യങ്ങളില്‍ തനിക്ക് വലിയ പ്രചോദനം നല്‍കുന്ന പി. രാജീവ് എന്നും നവീനാശയങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ടെന്നും ലിനാക് കേന്ദ്രത്തിന് കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതും ചെയ്യുമെന്നും എച്ച്.കെ. ദുവ എം.പി പറഞ്ഞു. ഭൂമിക്കടിയിലെ കെട്ടിടത്തിനു മാത്രം രണ്ടരക്കോടി രൂപയോളം ചെലവാകും. കീമോതെറപ്പിയില്‍ ഇതുപോലുള്ള സൗകര്യം കേരളത്തില്‍ വിരളമാണ്. എട്ടുമാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. എച്ച്.കെ. ദുവയെ കൂടാതെ സി.പി. നാരായണന്‍, ഡോ. ബി. ജയശ്രീ, മൃണാള്‍ മിരി, ഡോ. അശോക് എസ്. ഗാംഗുലി, കെ.ടി. തുള്‍സി, കെ. പരാശരന്‍ എന്നിവരുടെ എം.പി ഫണ്ടും കൊച്ചി കപ്പല്‍ശാല, കൊച്ചി റിഫൈനറി, കനറ ബാങ്ക് എന്നിവയുടെ സാമൂഹിക ഉത്തരവാദിത്ത നിധിയും പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.പി. നാരായണന്‍ എം.പി മുഖ്യാതിഥിയായിരുന്നു. കൊച്ചി കപ്പല്‍ശാല സി.എം.ഡി കമഡോര്‍ കെ. സുബ്രഹ്മണ്യം, കനറ ബാങ്ക് ഡി.ജി.എം സുജാത കരുണാകരന്‍, ഡി.എം.ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ഹസീന മുഹമ്മദ്, ആശുപത്രി വികസന പദ്ധതി മുഖ്യഉപദേശകന്‍ ഡോ. ജുനൈദ് റഹ്മാന്‍, എച്ച്.ഡി.എസ് അംഗം അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം സ്വാഗതവും സൂപ്രണ്ട് ഡോ. വി.എസ്. ഡാലിയ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.