പറവൂര്‍: പൊതുശൗചാലയങ്ങളുടെ പോരായ്മ പരിഹരിക്കുന്നതിന് നഗരസഭ വിഭാവനം ചെയ്ത ഇ-ടോയ്ലറ്റ് സംവിധാനം പറവൂരില്‍ പരാജയം. അഞ്ചുലക്ഷം മുടക്കി പഴയ ബസ് സ്റ്റാന്‍ഡില്‍ കെ.ആര്‍. വിജയന്‍ മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ളക്സില്‍ സ്ഥാപിച്ച ഇ-ടോയ്ലറ്റാണ് പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാതെ കിടക്കുന്നത്. 2012 ഡിസംബര്‍ 23നാണ് പുതുതായി നിര്‍മിച്ച ഇ- ടോയ്ലറ്റ് ഏറെ കൊട്ടിഗ്ഘോഷിച്ച് തുറന്നുകൊടുത്തത്. ഉദ്ഘാടനത്തിനുശേഷം കഷ്ടിച്ച് ഒരാഴ്ചപോലും ടോയ്ലറ്റ് പ്രവര്‍ത്തിച്ചില്ല. അപ്പോഴേക്കും നിരവധി സാങ്കേതിക തകരാറുകള്‍കൊണ്ട് നാട്ടുകാരുടെ രോഷത്തിനിടയാക്കി. വെള്ളത്തിന് കൃത്യമായ സൗകര്യമൊരുക്കാത്തത് പ്രവര്‍ത്തനം തടസ്സപ്പെടാന്‍ മുഖ്യകാരണമായി. കസ്റ്റമര്‍ കെയറില്‍ നാട്ടുകാര്‍ ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ മറുപടിയാണ് ലഭിച്ചിരുന്നത്. നഗരത്തില്‍ വന്നുപോകുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്കും കോംപ്ളക്സിലും സമീപത്തെ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്നവര്‍ക്കും ഇ-ടോയ്ലറ്റ് സഹായകരമാകുമെന്ന് കരുതിയെങ്കിലും ഒരിക്കല്‍പോലും ഫലം കണ്ടില്ല. നിരവധിപേര്‍ നഗരസഭക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും ആരുംതന്നെ തിരിഞ്ഞുനോക്കിയില്ല. ടോയ്ലറ്റിന്‍െറ അകത്ത് ബിയര്‍കുപ്പികളുടെ ശേഖരമാണ്. മദ്യം കഴിക്കുന്നവര്‍ക്ക് ഇ-ടോയ്ലറ്റ് സംരക്ഷണകേന്ദ്രമായി മാറിയിട്ടുണ്ട്. ഇതിന്‍െറ മറകള്‍ കീറി നശിച്ചനിലയിലാണ്. ഇലക്ട്രോണിക് കോയിന്‍ ബോക്സ് പ്രവര്‍ത്തനരഹിതമാണ്. വൈദ്യുതി ബോര്‍ഡിന്‍െറ മീറ്റര്‍ ബോര്‍ഡും തകര്‍ന്ന് തൂങ്ങുകയാണ്. വാതിലുകള്‍ തുറക്കാന്‍ കഴിയാത്ത നിലയിലാണ് ഇപ്പോള്‍. എല്ലാ നിലക്കും ഇ-ടോയ്ലറ്റ് പൊതുജനങ്ങള്‍ക്ക് സമീപകാലത്തൊന്നും ഉപയോഗിക്കാന്‍ പറ്റാവുന്ന അവസ്ഥയില്‍ അല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.