കൊച്ചി: ദേശവ്യാപകമായി സംയുക്ത തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതുപണിമുടക്ക് ജില്ലയില്‍ ആരംഭിച്ചു. ടാക്സി ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാണ്. ഗാര്‍ഹിക തൊഴിലാളികള്‍ മുതല്‍ പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍ വരെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. നേവല്‍ബേസ്, നെടുമ്പാശ്ശേരി വിമാനത്താവളം, കാക്കനാട്ടെ സ്പെഷല്‍ ഇക്കണോമിക് സോണ്‍, ഐ.ടി കേന്ദ്രമായ ഇന്‍ഫോപാര്‍ക്ക്, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, കൊച്ചി തുറമുഖം, എഫ്.എ.സി.ടി ഉള്‍പ്പെടെ വ്യവസായശാലകള്‍ എന്നിവിടങ്ങളിലും പണിമുടക്ക് ആരംഭിച്ചു. തുറമുഖത്ത് പണിമുടക്കുന്ന തൊഴിലാളികള്‍ ബുധനാഴ്ച തുറമുഖം ഉപരോധിക്കും. അതേസമയം, പൊതുപണിമുടക്കുദിനത്തില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വിവിധയിടങ്ങളില്‍ എട്ട് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് എ.ഡി.എം പി. പത്മകുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നടപടിക്രമങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് തീര്‍ഥാടകരെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയതായി സമരസമിതിയും അറിയിച്ചിട്ടുണ്ട്. ഏലൂരിലും അമ്പലമുകളിലും പണിമുടക്കുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരം തൊഴിലാളികള്‍ പ്രകടനം നടത്തി. മൂവാറ്റുപുഴയിലും ശ്രീമൂലനഗരത്തും എയര്‍പോര്‍ട്ടിലും സംയുക്തമായി തൊഴിലാളികള്‍ ധര്‍ണ സംഘടിപ്പിച്ചു. മെട്രോ റെയില്‍ കരാറുകാര്‍ക്ക് തൊഴിലാളി സംഘടനകള്‍ നേരത്തേതന്നെ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ടാക്സി കാറുകളും ടൂറിസ്റ്റ് ടാക്സികളും രാത്രിതന്നെ ഓട്ടം നിര്‍ത്തിവെച്ചു. ഒരുതരത്തിലെ വാഹനവും ഓടിക്കരുതെന്നും ട്രേഡ് യൂനിയന്‍ സംയുക്തസമിതി അഭ്യര്‍ഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.