കൊച്ചി: ഊര്‍മിള ഉണ്ണീസ് ഇന്‍റര്‍ നാഷനല്‍ കള്‍ചറല്‍ അക്കാദമിയും ഇന്ത്യന്‍ ട്രേഡ് ഫെയര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഇടപ്പള്ളി നൃത്ത ആസ്വാദക സദസ്സിന്‍െറ സഹകരണത്തോടെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദേശീയ നൃത്തോത്സവം സംഘടിപ്പിക്കും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഭരതനാട്യം, കുച്ചിപ്പുടി, ഒഡിസി, കഥക്, കഥകളി എന്നീ നൃത്ത രൂപങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇരുപതോളം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുമെന്ന് നടി ഊര്‍മിള ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാരതീയ നൃത്തകലകള്‍ പ്രചരിപ്പിക്കുക, യുവതലമുറയെ ഈ കലകളുടെ ആസ്വാദനത്തിലേക്ക് ഉയര്‍ത്തുക, ഓണാഘോഷത്തിന് കേരളത്തില്‍ വരുന്ന കലാകാരന്മാര്‍ക്ക് വേദിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി. ഒന്നാം ദിവസമായ രണ്ടിന് വൈകുന്നേരം അഞ്ച് മുതല്‍ തുടങ്ങുന്ന നൃത്തോത്സവം ഡോ. വാസന്തി രവി (ചെന്നൈ) ഉദ്ഘാടനം ചെയ്യും. വൈദേഹി കുല്‍ക്കര്‍ണി (നാസിക്), ശ്രാവണ്‍ ഉള്ളാല്‍ (മംഗലാപുരം), മാളവിക സുനില്‍ (കൊച്ചി), ധനുഷ സന്യാല്‍ (കൊടുങ്ങല്ലൂര്‍), സാഹിതി മന്നാര്‍ (കടപ്പ, ആന്ധ്ര), ആവണി ബാബു (കോഴിക്കോട്) എന്നിവര്‍ പങ്കെടുക്കും. പങ്കെടുക്കുന്ന കലാകാരികള്‍ക്ക് ‘ലാസ്യമോഹിനി’ പദവിയും കലാകാരന്മാര്‍ക്ക് ‘നാട്യ പ്രവീണ’ പദവിയും നല്‍കി ആദരിക്കും. തെരഞ്ഞെടുത്ത മുതിര്‍ന്ന കലാകാരന്മാര്‍ക്ക് ‘നാട്യ കലാമാണിക്യം’ ബഹുമതിയും നല്‍കും. ചീഫ് എക്സിക്യൂട്ടിവ് എന്‍. ഗോപകുമാര്‍, ഉത്തര ഉണ്ണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.