കൊച്ചി: നിയന്ത്രണങ്ങളുടെ കൂച്ചുവിലങ്ങില്‍ കിതക്കുന്ന പൊതുമേഖലയെ പിന്തള്ളി സ്വകാര്യ തുറമുഖങ്ങള്‍ കുതിക്കുന്നു. പൊതുമേഖലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം സ്വകാര്യ മേഖലയോടുള്ള കേന്ദ്രസര്‍ക്കാറിന്‍െറ ഉദാര സമീപനവുമാണ് രാജ്യത്തെ പ്രധാന തുറമുഖങ്ങളെ തളര്‍ത്തുന്നത്. താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്ടിന്‍െറ (ടാമ്പ്) നിയന്ത്രണങ്ങളില്‍ പിടയുന്ന പൊതുമേഖല തുറമുഖങ്ങളെ രക്ഷിക്കാന്‍ നടപടികളില്ലാത്തത് ഇവയെ പ്രതിസന്ധിയിലാക്കുകയാണ്. മേജര്‍ തുറമുഖങ്ങളിലെ ചരക്ക് ഹാന്‍ഡ്ലിങ് ചാര്‍ജുകള്‍ നിശ്ചയിക്കുന്നത് താരിഫ് അതോറിറ്റിയാണ്. ചരക്ക് ഹാന്‍ഡ്ലിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് ടാമ്പ് മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം, സ്വകാര്യ തുറമുഖങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങളൊന്നും ബാധകമല്ല. തുറമുഖ നിരക്കുകള്‍ നേട്ടത്തിനായി യഥേഷ്ടം കൂട്ടുകയോ കുറക്കുകയോ ചെയ്യാനും സൗകര്യപൂര്‍വം ജോലികള്‍ നിര്‍വഹിക്കാനും സ്വകാര്യ തുറമുഖങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ആധുനിക സൗകര്യങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ മേഖലയിലെ പ്രധാന തുറമുഖങ്ങളെക്കാള്‍ വളരെയേറെ മുന്നിലാണ് സ്വകാര്യ തുറമുഖങ്ങള്‍. നിരക്കുകളിലെ ഇളവുകളും ആധുനിക സൗകര്യങ്ങളുടെ ലഭ്യതയും ജോലി നിര്‍വഹണത്തിലെ വേഗവുമെല്ലാം സ്വകാര്യ തുറമുഖങ്ങളിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കുന്നു. ഇക്കാരണങ്ങളാലൊക്കെ പൊതുമേഖല തുറമുഖങ്ങള്‍ പിന്തള്ളപ്പെടുന്നു. സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ ചരക്കുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുന്നുമില്ല. കയറ്റിറക്കുമതി വളര്‍ച്ച പ്രതീക്ഷക്കൊത്ത് ഉയരാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞവര്‍ഷം ചരക്ക് കയറ്റുമതി ഇടപാടുകളുടെ കാര്യത്തില്‍ മേജര്‍ തുറമുഖങ്ങള്‍ പിന്നിലായി. മൊത്തം കൈകാര്യം ചെയ്ത ചരക്കിന്‍െറ അളവില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. അതേസമയം, സ്വകാര്യ തുറമുഖങ്ങള്‍ 10 ശതമാനം വളര്‍ച്ചനേടി. തൊട്ട് മുന്‍വര്‍ഷം സ്വകാര്യ തുറമുഖങ്ങള്‍ക്ക് ഒമ്പതുശതമാനം വളര്‍ച്ചയാണുണ്ടായത്. പൊതുമേഖല തുറമുഖങ്ങള്‍ ഒരു ശതമാനം പിന്നിലായിരുന്നു. ഓരോ സര്‍ക്കാര്‍ തുറമുഖത്തിനും അവരുടെ സൗകര്യങ്ങള്‍ക്കനുസരിച്ചും നേട്ടം ലാക്കാക്കിയും ഹാന്‍ഡ്ലിങ് ചാര്‍ജുകള്‍ കൂട്ടാനോ കുറക്കാനോ ചില ഇടപാടുകാര്‍ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനോ ഒക്കെ സ്വാതന്ത്ര്യം ലഭിച്ചില്ളെങ്കില്‍, സ്വകാര്യ തുറമുഖങ്ങളുമായി മത്സരിക്കല്‍ അസാധ്യമാകും. എന്നാല്‍, ടാമ്പ് നിയമം ഇത് അനുവദിക്കുന്നില്ല. അതല്ളെങ്കില്‍ സ്വകാര്യ തുറമുഖങ്ങള്‍ക്കുകൂടി കുറെയെങ്കിലും നിയന്ത്രണങ്ങളുണ്ടാകണം. ജീവനക്കാര്‍ക്ക് നിയമാനുസൃത ആനുകൂല്യങ്ങളും പെന്‍ഷനുമൊക്കെ നല്‍കാന്‍ സര്‍ക്കാര്‍ തുറമുഖങ്ങള്‍ക്ക് ബാധ്യതയുണ്ട്. സുരക്ഷക്ക് സി.ഐ.എസ്.എഫിനെ ത്തന്നെ നിയോഗിക്കണം. ഇതൊക്കെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും പ്രശ്നമാണ്. സ്വകാര്യ തുറമുഖങ്ങളില്‍ കരാര്‍ ജോലികളും ജോലിക്കാരുമാണ് ഏറെ. സുരക്ഷകാര്യങ്ങള്‍ സ്വകാര്യ സെക്യൂരിറ്റികളെ ഏല്‍പിക്കുന്നതിനാല്‍ ഇതിനും വലിയ ചെലവ് വരുന്നില്ല. പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിരവധി സ്വകാര്യ തുറമുഖങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതും പുതിയവ വരാനിരിക്കുന്നതും അതത് സംസ്ഥാനങ്ങളില്‍ പൊതുമേഖല തുറമുഖങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ കൊച്ചി തുറമുഖത്തിന്‍േറതടക്കം സ്ഥിതി തീരെ ദയനീയമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.