ഫിഷറീസ് സര്‍വകലാശാലാ നിയമനങ്ങളില്‍ സംവരണ അട്ടിമറിയെന്ന്

കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സ് സര്‍വകലാശാലയിലെ നിയമനങ്ങളില്‍ സംവരണം അട്ടിമറിച്ചതായി പരാതി. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലേക്കുള്ള പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്‍റ് പ്രഫസര്‍ എന്നീ തസ്തികകളിലേക്കുള്ള നിയമനങ്ങളിലാണ് സംവരണ അട്ടിമറിക്ക് നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച് സര്‍വകലാശാലാ ചാന്‍സലര്‍കൂടിയായ സംസ്ഥാന ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഫുഡ് സയന്‍സ് ടെക്നോളജി വകുപ്പില്‍ പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, മാനേജ്മെന്‍റ് സ്റ്റഡീസ് വകുപ്പില്‍ അസോസിയേറ്റ് പ്രഫസര്‍, അസി. പ്രഫസര്‍, അക്വാകള്‍ച്ചര്‍, ബയോളജിക്കല്‍ ഓഷ്യോനോഗ്രഫി, ബയോ ഇന്‍ഫര്‍മാറ്റിക്സ് തുടങ്ങിയ വകുപ്പുകളില്‍ അസി. പ്രഫസര്‍ എന്നിങ്ങനെ 22 തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ച് നടപടികള്‍ ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിവിധ വിഷയങ്ങളിലെ സമാന തസ്തികകളെ ഒറ്റ യൂനിറ്റായി കണക്കാക്കി കമ്യൂണിറ്റി റൊട്ടേഷന്‍ ചാര്‍ട്ട് തയാറാക്കി വേണം നിയമനമെന്നാണ് വ്യവസ്ഥ. കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, എം.ജി സര്‍വകലാശാല, സംസ്കൃത സര്‍വകലാശാല, നിയമ സര്‍വകലാശാല തുടങ്ങിയവയിലും ഈ ചട്ടം ബാധകമാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ സഹായംപറ്റി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല എന്ന നിലക്ക് ഫിഷറീസ് യൂനിവേഴ്സിറ്റിയിലും ഈ നിയമം ബാധകമാണ്. എന്നാല്‍, തങ്ങള്‍ക്ക് ഈ നിയമം ബാധകമല്ളെന്ന മട്ടിലാണ് ഫിഷറീസ് സര്‍വകലാശാലയില്‍ നിയമന നടപടികള്‍ പുരോഗമിക്കുന്നത്. ഈ സര്‍വകലാശാലയിലെ നിയമനം സംബന്ധിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നതാണ്. ഇതോടെ സംവരണ സമുദായങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുന്ന സ്ഥിതിയാണ്. ഫിഷറീസ് സര്‍വകലാശാലയിലെ സംവരണ അട്ടിമറി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുരേഷ് നായരമ്പലമാണ് ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.