രാത്രി നടത്തിയ ടാറിങ് രാവിലെ തകര്‍ന്നു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കളമശ്ശേരി: ഇടപ്പള്ളി -പുക്കാട്ടുപടി സംസ്ഥാന പാതയില്‍ രാത്രിയില്‍ നടത്തിയ ടാറിങ് രാവിലെ തകര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തത്തെിയ ഉദ്യോഗസ്ഥര്‍, നാട്ടുകാരുടെ എല്ലാ നിര്‍ദേശങ്ങളും ഉടന്‍ നടപ്പാക്കി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പ് നല്‍കി. കങ്ങരപ്പടി മൂണ്ടം പാലംവരെ ഒരു കിലോമീറ്ററോളം ദൂരത്ത് രാത്രി ടാറിങ് നടത്തിയ റോഡ് പകലായപ്പോഴേക്കും ഒന്നര കിലോമീറ്റര്‍ തകര്‍ന്നതാണ് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. ഉപരോധത്തെ തുടര്‍ന്ന് കങ്ങരപ്പടിയുടെ ഒരുഭാഗത്തേക്കുമുള്ള ഗതാഗതം നിലച്ചു. ആദ്യം സ്ഥലത്തത്തെിയ തൃക്കാക്കര പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ 3.30 വരെയായിരുന്നു നാട്ടുകാരുടെ റോഡ് ഉപരോധം. ഇടപ്പള്ളി പുക്കാട്ടുപടി സംസ്ഥാനപാത മൂന്നരക്കോടിയോളം രൂപ മുടക്കി നവീകരിക്കുന്നതിന്‍െറ ഭാഗമായി റോഡ് ടാറിങ് നടന്നുവരികയായിരുന്നു. എന്നാല്‍, കങ്ങരപ്പടി മൂണ്ടം പാലംവരെ ചൊവ്വാഴ്ച രാത്രിയില്‍ നടത്തിയ ടാറിങ് ബുധനാഴ്ച രാവിലെയോടെ തകര്‍ന്ന അവസ്ഥയിലായി. ടാര്‍ കലരാത്ത മെറ്റല്‍ തകര്‍ന്ന റോഡില്‍ ചിതറിക്കിടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അതുവഴി വരുന്ന ഇരുചക്ര വാഹനങ്ങള്‍ മെറ്റലില്‍ തെന്നി മറിയാന്‍ തുടങ്ങി. അഞ്ച് ബൈക്ക് യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ചെറിയ പരിക്കുകളോടെ ബൈക്ക് യാത്രികര്‍ ആശുപത്രികളില്‍ ചികിത്സ തേടി. അതോടെയാണ് നാട്ടുകാര്‍ പാത ഉപരോധിച്ചത്. രാത്രിയുടെ മറവില്‍ ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെ മെറ്റല്‍ വിരിച്ചതാണ് റോഡ് തകരാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥലത്തത്തെിയ വനിതകളായ ഓവര്‍സിയറും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയറും നാട്ടുകാരുമായി ചര്‍ച്ച നടത്തി. ടാറിങ്ങിലെ അപാകത മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ തകര്‍ന്ന റോഡിലെ ടാറിങ് പൂര്‍ണമായും നീക്കം ചെയ്ത് നല്ലനിലയില്‍ ടാറിങ് നടത്താമെന്നും രാത്രിയിലെ ടാറിങ് ഒഴിവാക്കാമെന്നും ഉറപ്പിനെതുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. അതേസമയം നിര്‍മാണം നടക്കുമ്പോള്‍ രാത്രി 12 വരെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനുശേഷം നടന്ന ടാറിങ്ങിലാണ് അപാകത ഉണ്ടായത്. എന്നാല്‍, ടാറിങ്ങിന് പിന്നാലെ റോഡിലൂടെ ടോറസ് ലോറി കടന്നുപോയതാണ് റോഡ് തകരാന്‍ കാരണമായതെന്നാണ് കരാറുകാരന്‍ വിശദീകരിച്ചതെന്ന് പൊതുമരാമത്ത് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.