കുര്യന്‍ കോര്‍ എപ്പിസ്കോപ്പയുടെ കബറടക്കത്തില്‍ ബിഷപ്പുമാര്‍ക്കും പങ്കെടുക്കാന്‍ അനുമതി

കൊച്ചി: കാഞ്ഞിരമറ്റം സെന്‍റ് ഇഗ്നേഷ്യസ് യാക്കോബായ സിറിയന്‍ പള്ളി വികാരിയായിരുന്ന കുര്യന്‍ കോര്‍ എപ്പിസ്കോപ്പയുടെ കബറടക്ക ശുശ്രൂഷകള്‍ക്ക് ബിഷപ്പുമാര്‍ അടക്കമുള്ള വൈദികര്‍ക്ക് പങ്കെടുക്കാന്‍ ഹൈകോടതിയുടെ അനുമതി. കോടതി ഉത്തരവുള്ളതിനാല്‍ പുറത്തു നിന്നുള്ള പുരോഹിതര്‍ക്ക് പ്രാര്‍ഥനക്ക് പള്ളിയിലേക്ക് പ്രവേശം നല്‍കാനാവില്ളെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍െറ എതിര്‍പ്പുള്ളതിനാല്‍ സംസ്കാര ശുശ്രൂഷക്ക് അനുമതി തേടി മക്കളായ സാറ ഷീന കുര്യന്‍, സോണി മേരി ചെറിയാന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്, ജസ്റ്റിസ് പി.വി. ആശ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. കോടതി വിധി പള്ളിയിലെ ആരാധനയും അനുബന്ധ ചടങ്ങുകള്‍ക്കും മാത്രമാണ് ബാധകമാവുകയെന്നും സംസ്കാര ചടങ്ങുകള്‍ക്ക് പുരോഹിതരത്തെുന്നതിന് വിധി തടസ്സമല്ളെന്നും കോടതി വ്യക്തമാക്കി. യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നില്‍ക്കുന്ന പള്ളിയില്‍ ഇടവിട്ട ആഴ്ചകളില്‍ ഓരോ വിഭാഗമാണ് പ്രാര്‍ഥന നടത്താറുള്ളത്. പുറത്തു നിന്നുള്ള പുരോഹിതര്‍ക്ക് വിലക്കുള്ളതിനാല്‍ പള്ളിയുമായി ബന്ധപ്പെട്ട വികാരിമാര്‍ തന്നെയാണ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍, കുര്യന്‍ കോര്‍ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷകള്‍ക്ക് ബിഷപ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യവും പ്രാര്‍ഥനയും അനിവാര്യമാണെന്നും ഇതിന് മറുവിഭാഗം തടസ്സം നില്‍ക്കുന്നുവെന്നുമായിരുന്നു യാക്കോബായ വിഭാഗക്കാരായ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, 2003ലെ കോടതി വിധി പ്രകാരം പുറത്തുനിന്ന് ആര്‍ക്കും പള്ളിക്കകത്ത് പ്രാര്‍ഥന നടത്താനാവില്ളെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ചൂണ്ടിക്കാട്ടി. സ്വന്തം ആചാരങ്ങള്‍ക്കും വിശ്വാസത്തിനും അനുസരിച്ച് മൃതദേഹം സംസ്കരിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. മരണപ്പെട്ടത് പുരോഹിതനാണെന്നിരിക്കെ ഉന്നത സ്ഥാനീയരായ പുരോഹിതര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും സംസ്കാരച്ചടങ്ങിലും പ്രാര്‍ഥനയിലും പങ്കെടുക്കേണ്ടതായി വരും. ഇതിന് 2003ലെ കോടതി ഉത്തരവ് തടസ്സമല്ളെന്ന് കോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.