ഉസ്മാന്‍ പാടുന്നു; സ്ഥാനാര്‍ഥികള്‍ക്കായി

മൂവാറ്റുപുഴ: ഉസ്മാന്‍ പാടുകയാണ്, പക്ഷഭേദമില്ലാതെ വിവിധ സ്ഥാനാര്‍ഥികള്‍ക്കായി. രാവിലെ ലീഗ് സ്ഥാനാര്‍ഥിക്കായി പാടിയാല്‍ വൈകുന്നേരം ബി.ജെ.പി സ്ഥാനാര്‍ഥിക്കായി പാടും. പാട്ടില്‍ പക്ഷഭേദമില്ല. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചശേഷം പലരും നേരെ എത്തിയത് ഉസ്മാന്‍െറ അടുത്തേക്കാണ്. ഏറ്റവും പുതിയ ട്യൂണില്‍ പ്രചാരണഗാനം തയാറാക്കാന്‍. ‘സൂചികുത്താന്‍ ഒരിടം ഞങ്ങള്‍ തരില്ല മോനേ’ ‘ഏണിയെന്ന ചിഹ്നം നമ്മള്‍ മറക്കില്ലന്നേ...’ തുടങ്ങി മാപ്പിളപ്പാട്ടിന്‍െറ അടിപൊളി ഇശലുകളോടെ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍. മൂവാറ്റുപുഴയുടെ സ്വന്തം ഗായകന്‍ ഉസ്മാന് തെരഞ്ഞെടുപ്പ്് സമയം തിരക്കേറിയതാണ്. സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നേടിയെടുക്കാന്‍ ഇമ്പമേറിയ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ പാടി റെക്കോഡ് ചെയ്യാന്‍. ഇടത് സഹായാത്രികനായ ഉസ്മാന് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. ഏതു സ്ഥാനാര്‍ഥി എത്തിയാലും പാട്ട് റെഡി. മാപ്പിളപ്പാട്ടിലെ കോല്‍ക്കളിപ്പാട്ടിന്‍െറയും മറ്റും ഇശലുകള്‍ക്ക് പുറമെ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ട്യൂണുകളിലും പ്രചാരണ ഗാനങ്ങള്‍ ആവശ്യപ്പെടുന്നവരുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥി ആവശ്യപ്പെട്ടത് മാപ്പിളപ്പാട്ടിന്‍െറ ട്യൂണിലുള്ള പ്രചാരണഗാനമാണ്; ‘താമരപ്പൂങ്കാവനത്തില്‍ റങ്ക് മൊഞ്ചുള്ളോളെ’ എന്ന പാട്ടിന്‍െറ ട്യൂണില്‍ ‘താമരപ്പൂ ചിഹ്നത്തില്‍ വോട്ട് നല്‍കുന്നോളെ’ എന്ന ശൈലിയില്‍. ന്യൂ ജനറേഷന്‍ സിനിമയായ പ്രേമത്തിലെ ‘ആലുവാ പുഴയുടെ തീരത്ത്’ എന്ന പാട്ടിന്‍െറ ട്യൂണില്‍ സി.പി.എം സ്ഥാനാര്‍ഥിക്കുവേണ്ടി ‘അരിവാള്‍ ചുറ്റിക ചിഹ്നമല്ളോ നമ്മുടെ സാരഥി വന്നല്ളോ’ എന്ന ഗാനവും റെക്കോഡ് ചെയ്തിട്ടുണ്ട്. ‘ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ക്രിസ്തീയ ഭക്തിഗാനത്തിന്‍െറ ശൈലിയില്‍ ‘എല്‍.ഡി.എഫിന്‍ നാഥനായ് വാണിടുന്ന കാലം’ എന്ന പാട്ടിന്‍െറ ട്യൂണിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഈ ട്യൂണില്‍ അധികവും പാട്ടുപാടിച്ചത്. എല്ലാ പാര്‍ട്ടികളും ഈ ട്യൂണില്‍ പാട്ട് റെക്കോഡ് ചെയ്യിച്ചിട്ടുണ്ട്. എങ്കിലും കോല്‍ക്കളിപ്പാട്ടിന്‍െറയും അടിപൊളി മാപ്പിളപ്പാട്ടിന്‍െറയും ട്യൂണിലുള്ള തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ക്കാണ് ഏറെ മാര്‍ക്കറ്റ്. മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആവശ്യപ്പെടുന്നതും ഇത്തരം ട്യൂണുകളിലുള്ള പാട്ടുകളാണ്. പാടിയതില്‍ 70 ശതമാനത്തിലധികം ഇത്തരം പാട്ടുകളുമാണ്. സ്ഥാനാര്‍ഥികള്‍ എത്തി പഞ്ചായത്തും പാര്‍ട്ടിയും പേരും വാര്‍ഡും പിന്നെ ട്യൂണും പറഞ്ഞാല്‍ ഒരു മണിക്കൂറിനുള്ളില്‍ പാട്ട് റെഡി. രചനയും സംഗീതസംവിധാനവും പാടുന്നതും എല്ലാം ഉസ്മാന്‍ തന്നെ. അഞ്ചും ആറും പാട്ടുകള്‍ വരെ ഓരോ സ്ഥാനാര്‍ഥിയും റെക്കോഡ് ചെയ്ത് വാങ്ങുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ മനസ്സറിഞ്ഞ് നല്‍കുന്നതാണ് പ്രതിഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ‘കടക്കണ്ണിന്‍ മുനകൊണ്ട്’ എന്ന മാപ്പിളപ്പാട്ടിന്‍െറ ട്യൂണിലുള്ള പാട്ടുകള്‍ക്കായിരുന്നു ഏറെ ഡിമാന്‍െറന്ന് 20 വര്‍ഷമായി ഈ രംഗുള്ള ഉസ്മാന്‍ മൂവാറ്റുപുഴ പറയുന്നു. ഉസ്മാന്‍ നിരവധി ആല്‍ബങ്ങളില്‍ പ്രശസ്ത ഗായകര്‍ക്കൊപ്പം പാടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.