കല്ലൂര്‍ക്കാട് പഞ്ചായത്ത്: കോണ്‍ഗ്രസിനെതിരെ വിമതനീക്കവുമായി മാണി ഗ്രൂപ്

മൂവാറ്റുപുഴ: കോണ്‍ഗ്രസിന് സീറ്റ് നല്‍കി മുന്നണിയായി മത്സരിക്കാന്‍ ധാരണയായ കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ റെബലുകളുമായി മാണി ഗ്രൂപ്. കേരള കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രമായ കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചക്കൊടുവില്‍ നാലുസീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായത് അവസാന നിമിഷമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പൂര്‍ണമായി ഒഴിവാക്കി കേരള കോണ്‍ഗ്രസ്-മാണി, ജേക്കബ് വിഭാഗങ്ങള്‍ മുന്നണിയായി മത്സരിച്ച് 13ല്‍ 11 സീറ്റ് നേടിയിരുന്നു. ഇക്കുറി യു.ഡി.എഫ് സംവിധാനത്തില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തുവന്നെങ്കിലും മാണി ഗ്രൂപ് തയാറായില്ല. ഒരു പാര്‍ട്ടിയാണെങ്കിലും മാണി-ജോസഫ് ഗ്രൂപ്പുപോരായിരുന്നു ഇതിന് കാരണം. ഒടുവില്‍ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ടതിനത്തെുടര്‍ന്നായിരുന്നു സീറ്റ് നല്‍കാന്‍ തീരുമാനമായത്. ഇതനുസരിച്ച് നാല്, ആറ്, 10, 13 വാര്‍ഡുകള്‍ കോണ്‍ഗ്രസിന് നല്‍കുകയും ചെയ്തു. എന്നാല്‍, നാല് വാര്‍ഡിലും മാണി വിഭാഗം വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു. മാണി വിഭാഗം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ജോര്‍ജ് ഫ്രാന്‍സിസ് തെക്കേക്കരയടക്കം കോണ്‍ഗ്രസിന് നല്‍കിയ സീറ്റുകളില്‍ വിമത സ്ഥാനാര്‍ഥികളാണ്. ജോസഫ് ഗ്രൂപ്പിന് മാണിയെക്കാള്‍ മേല്‍ക്കൈയുണ്ടായിരുന്ന പഞ്ചായത്തായിരുന്നു കല്ലൂര്‍ക്കാട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പായിരുന്നു മാണി, ജോസഫ് ഗ്രൂപ്പുകള്‍ ലയിച്ച് ഒന്നായത്. ഇതോടെ പഞ്ചായത്തില്‍ ഇവര്‍ ശക്തരാവുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സംവിധാനത്തില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി മാണിയും ജേക്കബും ചേര്‍ന്ന് മത്സരരംഗത്തിറങ്ങുകയായിരുന്നു. 10 സീറ്റില്‍ മാണിയും രണ്ടിടത്ത് ജേക്കബുമാണ് മത്സരിച്ചത്. ഒമ്പതിടത്ത് മാണിയും രണ്ട് വാര്‍ഡില്‍ ജേക്കബും ജയിക്കുകയും ചെയ്തു. ഇതോടെ പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി മാണി ഗ്രൂപ്പിനകത്ത് ജോസഫ്-മാണി ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് രംഗത്തുവന്നു. ആദ്യടേമില്‍ പഴയ മാണി ഗ്രൂപ്പിലെ ജോര്‍ജ് ഫ്രാന്‍സിസും രണ്ടാം പകുതി ജോസഫ് ഗ്രൂപ്പിനും നല്‍കാന്‍ തീരുമാനിച്ചാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍, പിന്നീട് ഇരു ഗ്രൂപ്പും ചേരിതിരിഞ്ഞ് നിന്നത് ഭരണത്തെ ബാധിച്ചിരുന്നു. പരസ്പരം പോരടിച്ച മാണി-ജോസഫ് ഗ്രൂപ്പുകള്‍ ഇക്കുറി സീറ്റ് വിഭജനപ്രശ്നം വന്നതോടെ ഒന്നിച്ചു. കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതിനെതിരെ ഇവര്‍ ഒറ്റക്കെട്ടാവുകയും ചെയ്തു. അഞ്ച് സീറ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കാന്‍ പോലും ഇവര്‍ സമ്മതിച്ചിരുന്നില്ല. സംസ്ഥാന നേതാക്കള്‍ ഇടപെട്ടതോടെ രണ്ട് സീറ്റ് നല്‍കാമെന്നായി. കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ ഇടപെടലുകള്‍ക്കൊടുവില്‍ നാല് സീറ്റ് നല്‍കുകയായിരുന്നു. ഈ സീറ്റുകളിലാണ് റെബലുകളെ നിര്‍ത്തി മാണി ഗ്രൂപ് രംഗത്തിറങ്ങിയിരിക്കുന്നത്. ഏഴ് സീറ്റിലാണ് മാണി ഗ്രൂപ് മത്സരിക്കുന്നത്. രണ്ട് സീറ്റില്‍ ജേക്കബും മത്സരിക്കും.മാണി ഗ്രൂപ്പിന് ലഭിച്ച ഏഴ് സീറ്റില്‍ ആറും ജോസഫ് വിഭാഗം എടുക്കുകയായിരുന്നു. ഒരു വാര്‍ഡ് മാത്രമാണ് മാണിക്ക് ലഭിച്ചത്. ഇതാണ് കോണ്‍ഗ്രസ് വാര്‍ഡുകളില്‍ റെബലുകളെ നിര്‍ത്താന്‍ കാരണമെന്ന് പറയുന്നു. എന്നാല്‍, ഇതല്ല മാണി- ജോസഫ് വിഭാഗങ്ങളുടെ ഒത്തുകളിയാണ് വിമതരെ നിര്‍ത്തുന്നതിന് പിന്നിലെന്ന് സൂചനയുണ്ട്. വിമതര്‍ മത്സരിച്ചാല്‍ അവര്‍തന്നെ ജയിക്കും. ഇതോടെ കഴിഞ്ഞതവണ വിജയിച്ച മുഴുവന്‍ സീറ്റുകളും ഇക്കുറിയും തങ്ങള്‍ക്ക് സ്വന്തമാക്കാമെന്ന തന്ത്രമാണ് കേരള കോണ്‍ഗ്രസ് പയറ്റുന്നതെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.