കടുങ്ങല്ലൂര്‍ സ്കൂള്‍ ഗ്രൗണ്ട് നിര്‍മാണത്തിലെ ക്രമക്കേട്; പണം തിരിച്ചുപിടിക്കാന്‍ ഓംബുഡ്സ്മാന്‍ നിര്‍ദേശം

ആലുവ: പടിഞ്ഞാറേ കടുങ്ങല്ലൂര്‍ സര്‍ക്കാര്‍ സ്കൂളിന്‍െറ മൈതാനം നിര്‍മിച്ചതില്‍ ക്രമക്കേട് വരുത്തിയവരില്‍നിന്നും നഷ്ടമായ പണം തിരികെ പിടിക്കാന്‍ ഓംബുഡ്സ്മാന്‍ നിര്‍ദേശം. ചുമതലവഹിച്ച ഉദ്യോഗസ്ഥര്‍, കരാറുകാരന്‍ എന്നിവരില്‍നിന്ന് പണം ഈടാക്കാനാണ് തദ്ദേശ സ്ഥാപന ഓംബുഡ്സ്മാന്‍ ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസിന്‍െറ നിര്‍ദേശം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി പടിഞ്ഞാറേ കടുങ്ങല്ലൂര്‍ സ്കൂളിനായി വൃന്ദാവന് സമീപമുള്ള മൈതാനം നവീകരിച്ചത്. സ്കൂളിനോട് ചേര്‍ന്ന് ആവശ്യമായത്ര കളിസ്ഥലമില്ലാത്തതിനാല്‍ 500 മീറ്റര്‍ അകലെ 70 സെന്‍റ് സ്ഥലം വാങ്ങിയാണ് മൈതാനമായി ഉപയോഗപ്പെടുത്തിയത്. നിരപ്പില്ലാത്തതും വെള്ളക്കെട്ടുള്ളതുമായ സ്ഥലം കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതിനാലാണ് നവീകരിക്കാന്‍ പദ്ധതിയിട്ടത്. ജില്ലാപഞ്ചായത്ത് അതിനായി ഏഴ് ലക്ഷം രൂപയും നല്‍കി. ഗ്രൗണ്ട് മുഴുവന്‍ മണ്ണിട്ട് നിരപ്പാക്കി നാല് വശങ്ങളിലും കരിങ്കല്ലില്‍ സംരക്ഷണഭിത്തി നിര്‍മിക്കാനായിരുന്നു കരാര്‍. നവീകരണം പൂര്‍ത്തിയായി കരാറുകാരന്‍ പണം കൈപ്പറ്റിക്കഴിഞ്ഞപ്പോഴേക്കും ഗ്രൗണ്ടില്‍ വീണ്ടും വെള്ളക്കെട്ടായി. അതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചു. കരാറില്‍ പറഞ്ഞ അളവില്‍ മണ്ണ് ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു ആരോപണം. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ വൃന്ദാവന്‍ റെസി. അസോസിയേഷന്‍ പ്രസിഡന്‍റ് എന്‍. അബ്ദുല്‍ സമദാണ് പരാതിനല്‍കിയത്. തുടര്‍ന്ന് എല്‍.എസ്.ജി.ഡി ചീഫ് എന്‍ജിനീയര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിന്‍െറ അടിസ്ഥാനത്തിലാണ് നഷ്ടമായ 3.60 ലക്ഷം രൂപ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍, കരാറുകാരന്‍ എന്നിവരില്‍നിന്ന് ഈടാക്കാന്‍ ഓംബുഡ്സ്മാന്‍ നിര്‍ദേശം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.