പോര്‍ക്കളം നിറഞ്ഞ് റെബലുകള്‍

കൊച്ചി: മുന്നണികള്‍ നേര്‍ക്കുനേര്‍ പോരാടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശക്തമായ അടിയൊഴുക്ക് ഉറപ്പിച്ച് റെബലുകളുടെ കുത്തൊഴുക്ക്. പത്രിക സമര്‍പ്പണം അവസാനിച്ച ബുധനാഴ്ച സ്ഥാനാര്‍ഥികളെ സംബന്ധിച്ച പ്രാഥമിക ചിത്രം തെളിയുമ്പോള്‍ ജില്ലയില്‍ മുന്നണികള്‍ക്കെതിരെ റെബലുകളുടെ ശക്തമായ സാന്നിധ്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാപഞ്ചായത്ത് വരെയുള്ള ത്രിതല പഞ്ചായത്തുകളില്‍ ഏതാണ്ട് എല്ലായിടത്തും റെബലുകള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ശനിയാഴ്ചയോടെയാണ് ഇക്കാര്യത്തില്‍ പൂര്‍ണചിത്രം വ്യക്തമാവുകയുള്ളൂ. കൊച്ചി നഗരസഭയില്‍ കോണ്‍ഗ്രസ്, സി.പി.എം ടിക്കറ്റുകളില്‍ മുന്‍ കൗണ്‍സിലര്‍മാരടക്കം റെബലുകളാണ്. വൈറ്റില ജനതയില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിലെ രത്നമ്മ രാജു മുതല്‍ പതിനാലാം ഡിവിഷനില്‍ സി.പി.എം നേതാവായ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. ഷംസുദ്ദീന്‍ വരെയാണ് റെബല്‍ പട്ടികയിലുള്ളത്. ചുള്ളിക്കല്‍ ഡിവിഷന്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിമാര്‍ മത്സരിക്കുന്ന പനയപ്പിള്ളി, പെരുമാനൂര്‍, ഫോര്‍ട്ട്കൊച്ചി, കോണ്‍ഗ്രസിലെ മറ്റ് സിറ്റിങ് കൗണ്‍സിലര്‍മാര്‍ മത്സരിക്കുന്ന പാലാരിവട്ടം, വെണ്ണല, കതൃക്കടവ് എന്നിവിടങ്ങളിലും റെബലുകളുണ്ട്്. കല്‍വത്തിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് മണ്ഡലം പ്രസിഡന്‍റാണ് റെബല്‍. ഇടതുപക്ഷത്തിനും ഇവിടെ റെബല്‍ സ്ഥാനാര്‍ഥിയുണ്ട്. മൂന്നാം ഡിവിഷനിലും നാലാം ഡിവിഷനിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ റെബലുണ്ട്. ആറാം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മുസ്ലിം ലീഗിന്‍െറ മണ്ഡലം സെക്രട്ടറിയുടെ മകളാണ് റെബല്‍. 20ാം ഡിവിഷനില്‍ കോണ്‍ഗ്രസ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് നേതാവിന്‍െറ സഹോദരിയും പത്രിക നല്‍കി. 24ാം ഡിവിഷനില്‍ മുന്‍ കൗണ്‍സിലര്‍ വി.ജെ. ഹൈസിന്തും പത്രിക നല്‍കിയിട്ടുണ്ട്. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ചെയര്‍മാനുമായ ഷാജി വാഴക്കാല മത്സരിക്കുന്ന പടമുകള്‍ വാര്‍ഡില്‍ ലീഗിലെ എ.എ. ഇബ്രാഹീംകുട്ടിയാണ് റെബല്‍ സ്ഥാനാര്‍ഥി. ലീഗിന്‍െറ മലേപ്പള്ളി ജനറല്‍ വാര്‍ഡിലും ഹൗസിങ് ബോര്‍ഡ് വാര്‍ഡിലും റെബലുണ്ട്. ടി.വി സെന്‍റര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി എം.എ. നൈനാര്‍ക്കെതിരെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗം എം.എം. നാസറാണ് റെബല്‍ സ്ഥാനാര്‍ഥി. മരട് നഗരസഭയില്‍ നെട്ടൂര്‍ മേഖലയില്‍നിന്ന് മാത്രമായി ആറ് ഡിവിഷനുകളില്‍ റെബല്‍ സ്ഥാനാര്‍ഥികളുണ്ട്. കളമശ്ശേരി നഗരസഭയില്‍ നാല് കോണ്‍ഗ്രസ് റെബലുകളും രണ്ട് സി.പി.എം റെബലുകളും പത്രിക നല്‍കിയിട്ടുണ്ട്. ഏലൂരില്‍ നഗരസഭയില്‍ രണ്ട് കോണ്‍ഗ്രസ് റെബലുകളും ഒരു സി.പി.എം റെബലും പത്രിക സമര്‍പ്പിച്ചവരില്‍ ഉണ്ട്. ആലുവ നഗരസഭയില്‍ അഞ്ച് വാര്‍ഡുകളില്‍ കോണ്‍ഗ്രസിനു റെബലുണ്ട്. കടത്തുകടവില്‍ നിലവിലെ ചെയര്‍മാന്‍ എം.ടി.ജേക്കബിനെതിരെ പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി കൂടിയായ മണ്ഡലം സെക്രട്ടറി സാബു പരിയാരത്താണ് പത്രിക സമര്‍പ്പിച്ചത്. ഒന്നാം വാര്‍ഡിലും റെബല്‍ ഉണ്ട്. ഇവര്‍ക്ക് പുറമെ അഞ്ച്, ആറ് വാര്‍ഡുകളില്‍ സ്വതന്ത്രരായി മത്സരിക്കുന്ന ലീഗ് നേതാക്കളും കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കും. അങ്കമാലി നഗരസഭയില്‍ കോണ്‍ഗ്രസില്‍നിന്ന് വിമതരായി മൂന്നുപേര്‍ മത്സരരംഗത്ത്. മുന്‍ നഗരസഭാ ചെയര്‍പേഴ്സണും മഹിള കോണ്‍ഗ്രസ് ജില്ലാ നേതാവുമായ ലില്ലി രാജു, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ വില്‍സണ്‍ മുണ്ടാടന്‍, മുന്‍ നഗരസഭാ കൗണ്‍സിലര്‍ എല്‍സി ദേവസി എന്നിവരാണ് വിമതരായി രംഗത്തുള്ളത്. പറവൂര്‍ നഗരസഭയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ നാലുപേര്‍ പത്രിക നല്‍കി. വാര്‍ഡ് രണ്ട്, എട്ട്, 10, ഒമ്പത്, 11 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് വിമതന്മാരായി രംഗത്തു വന്നത്. പറവൂര്‍ ബ്ളോക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.എം. ഷംസുദ്ദീന്‍, മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ.വി. രവീന്ദ്രന്‍ എന്നിവരാണ് വിമതരായി രംഗത്തു വന്ന പ്രമുഖര്‍. പെരുമ്പാവൂര്‍ നഗരസഭയില്‍ നിലവിലെ കൗണ്‍സിലര്‍മായ രണ്ട് റെബല്‍ സ്ഥാനാര്‍ഥികള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയാകും. ഏഴാം വാര്‍ഡില്‍ സുലേഖ ഗേപാലകൃഷ്ണനും, പതിനൊന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ബിജി സുജിത്തും. ഇരുവരും നിലവിലെ കൗണ്‍സിലിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.