പിറവം നഗരസഭയില്‍ യു.ഡി.എഫ് ചിത്രം തെളിഞ്ഞു

കൂത്താട്ടുകുളം: പിറവം മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിന് ഒരു സീറ്റ് കൂടി അധികം നല്‍കുകയും കോണ്‍ഗ്രസിന്‍െറ സീറ്റുകളില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുകയും ചെയ്തതോടെയാണ് യു.ഡി.എഫ് പട്ടികക്ക് അംഗീകാരമായത്. കോണ്‍ഗ്രസ്-18, കേരള കോണ്‍ഗ്രസ് -ജേക്കബ് ആറ്, കേരള കോണ്‍ഗ്രസ് -എം മൂന്ന് എന്നിങ്ങനെയാണ് ധാരണ. രണ്ട് ജനറല്‍ സീറ്റും ഒരു വനിതാ സീറ്റുമാണ് മാണി വിഭാഗത്തിനുള്ളത്. അഞ്ചാം വാര്‍ഡില്‍ ജയിംസ് മണക്കാട്ടും 20ാം വാര്‍ഡില്‍ യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ് ജിന്‍സ് പെരിയപ്പുറവും മത്സരിക്കും. യു.ഡി.എഫില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സാബു കെ. ജേക്കബ്, വൈസ് പ്രസിഡന്‍റ് അന്നമ്മ ടോമി, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എന്‍. ചന്ദ്രശേഖരന്‍ എന്നിവരാണ് നഗരസഭാ കൗണ്‍സിലിലേക്ക് ജനവിധി തേടുന്നത്. അതേസമയം, ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും സ്ഥാനാര്‍ഥിനിര്‍ണയവും നേരത്തേ പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് ഭവനസന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചു. മുന്‍ പ്രസിഡന്‍റ് കെ.പി. സലീമാണ് എല്‍.ഡി.എഫ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു. സി.പി.എം-18, സി.പി.ഐ- ഏഴ്, ജനതാദള്‍ (എസ്) ഒന്ന്, എല്‍.ഡി.എഫ് സ്വത. -ഒന്ന് എന്നിങ്ങനെയാണ് എല്‍.ഡി.എഫ് ധാരണ. എല്ലാ വാര്‍ഡുകളിലും മത്സരിക്കുമെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചത്. 15 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വാര്‍ഡുകളിലെങ്കിലും എസ്.എന്‍.ഡി.പിയുമായി ചേര്‍ന്നാവും മത്സരിക്കുകയെന്ന് ജില്ലാ സെക്രട്ടറി എം.എന്‍. മധു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.