പറവൂരില്‍ പത്രികാ സമര്‍പ്പണം മന്ദഗതിയില്‍

പറവൂര്‍: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ ഇപ്പോഴും മന്ദഗതിയില്‍. പറവൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിലെ രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമാണ് തിങ്കളാഴ്ച പത്രിക നല്‍കിയത്. എട്ടാം വാര്‍ഡില്‍ പ്രദീപ് തോപ്പിലും 23ാം വാര്‍ഡില്‍ ബി. മഹേഷുമാണ് പത്രിക നല്‍കിയത്. എല്‍.ഡി.എഫില്‍നിന്ന് ആരും പത്രിക നല്‍കിയിട്ടില്ല. അവര്‍ സംഘടിതമായി ചൊവ്വാഴ്ച നല്‍കുമെന്നാണ് എല്‍.ഡി.എഫ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പറവൂര്‍ ബ്ളോക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ചൊവ്വാഴ്ച രാവിലെ 11ഓടെ പ്രകടനമായത്തെി പത്രിക സമര്‍പ്പിക്കും. അതേസമയം, ഗ്രാമപഞ്ചായത്തുകളില്‍ ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ വെവ്വേറെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. വരാപ്പുഴ പഞ്ചായത്തില്‍ 12ാം വാര്‍ഡില്‍ കക്ഷിരഹിതനായി മത്സരിക്കുന്ന കെ.പി. ജോസഫ് മാത്രമാണ് തിങ്കളാഴ്ച പത്രിക നല്‍കിയത്. മുന്നണി സ്ഥാനാര്‍ഥികളും ബി.ജെ.പി സ്ഥാനാര്‍ഥികളും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി പത്രിക നല്‍കും. കോട്ടുവള്ളി പഞ്ചായത്തില്‍ ആരും നല്‍കിയില്ല. എന്നാല്‍, ഏഴിക്കരയില്‍ രണ്ടുപേര്‍ പത്രിക നല്‍കി. എം.സി.പി (യുനൈറ്റഡ്) സ്ഥാനാര്‍ഥികളാണ് മത്സരരരംഗത്ത് വന്നിട്ടുള്ളത്. 10ാം വാര്‍ഡില്‍ വര്‍ഗീസ് കല്ലറക്കലും 11ാം വാര്‍ഡില്‍ മുന്‍ പഞ്ചായത്തംഗം കൂടിയായ എന്‍.എ. ബാബുവുമാണ് പത്രിക നല്‍കിയിരിക്കുന്നത്. ചിറ്റാറ്റുകര പഞ്ചായത്തില്‍ ഇരുമുന്നണികളിലുമായി 21 സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചു. ഇതില്‍ ഇരു മുന്നണികളുടെയും ചില സ്ഥാനാര്‍ഥികളും കക്ഷിരഹിതരും ഉള്‍പ്പെട്ടിട്ടുണ്ട്. വടക്കേക്കര പഞ്ചായത്തില്‍ രണ്ടുപേര്‍ മാത്രമാണ് പത്രിക നല്‍കിയത്. യു.ഡി.എഫില്‍നിന്ന് മത്സരിക്കുന്ന ജനതാദള്‍-എസ് നേതാവ് രാജീവ് മണ്ണാളിയും കോണ്‍ഗ്രസിലെ മല്ലിക ഷാജിയുമാണ് പത്രിക നല്‍കിയത്. രാജീവ് മണ്ണാളില്‍ 16ാം വാര്‍ഡിലും മല്ലിക നാലിലുമാണ് മത്സരിക്കുന്നത്. പുത്തന്‍വേലിക്കര പഞ്ചായത്തില്‍ 21 പേര്‍ തിങ്കളാഴ്ച വിവിധ വാര്‍ഡുകളെ പ്രതിനിധാനം ചെയ്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അതേസമയം, ചേന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന്‍െറ മുഴുവന്‍ സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ചു. 12 സീറ്റില്‍ സി.പി.എം മത്സരിക്കുമ്പോള്‍ ആറ് സീറ്റില്‍ സി.പി.ഐയാണ് മത്സരിക്കുന്നത്. ഡമ്മി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 40 പേരാണ് പത്രിക നല്‍കിയത്. മുന്നണിക്ക് പുറത്ത് നിന്ന് രണ്ട് കക്ഷിരഹിതരും പത്രിക നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ഥികളും ബുധനാഴ്ച ബി.ജെ.പി സ്ഥാനാര്‍ഥികളും പത്രിക നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.