റോഡ് നന്നാക്കാനെന്ന പേരില്‍ മണ്ണ് കടത്തിയവര്‍ക്കെതിരെ പ്രതിഷേധം

ആലുവ: റോഡ് നന്നാക്കാനെന്ന പേരില്‍ റോഡിന്‍െറ സൈഡില്‍ നിന്നും 60 ലോഡോളം മണ്ണ് കടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടു. കീഴ്മാട് പഞ്ചായത്തില്‍പെട്ട കുന്നശേരി പള്ളം-കുണ്ടോപാടം റോഡാണ് നന്നാക്കാനെന്ന പേര് പറഞ്ഞ് എക്സ്കവേറ്റര്‍ ഉപയോഗിച്ച് 60 ലോഡോളം മണ്ണ് കടത്തിയത്. 150 മീറ്ററോളം നീളത്തില്‍ റോഡ് തകര്‍ന്നതായും റോഡരികിലെ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ് അപകടാവസ്ഥയിലാണെന്നും കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായും കാണിച്ച് സമീപവാസികളായ രാമചന്ദ്രന്‍ നായര്‍, എ.എ. ഷംസുദ്ദീന്‍, കൊച്ചു പൈ, എ. പുരുഷന്‍ തുടങ്ങി നാട്ടുകാരായ 21ഓളം പേര്‍ ചേര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരാതി നല്‍കിയിരുന്നു. ജൂണില്‍ ഇവിടെയുള്ള നാട്ടുകാര്‍ ചേര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടാകാത്തതിനാലാണ് മനുഷ്യാവകാശ കമീഷനില്‍ പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ച കമീഷന്‍ പഞ്ചായത്തിനും പൊലീസിനും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവിടെനിന്ന് മണ്ണെടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നും ഇതിനരികിലുള്ള കെ.എസ്.ഇ.ബിയുടെ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ ചരിഞ്ഞുനില്‍ക്കുന്നതായും ഇത് ഏത് നിമിഷവും മറിയാവുന്ന സ്ഥിതിയിലാണെന്നും കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായും ആലുവ സി.ഐ റിപ്പോര്‍ട്ട് കമീഷന് നല്‍കിയിട്ടുണ്ട്. അടുത്ത കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കാനും കുടിവെള്ള പൈപ്പ് എത്രയും വേഗം നന്നാക്കി കുടിവെള്ളം ലഭിക്കുന്നതിന് വേണ്ട നടപടി എടുക്കാനും കീഴ്മാട് പഞ്ചായത്തിനോടും ആവശ്യപ്പെട്ട് ഉത്തരവിട്ടിട്ടുണ്ട്. മണ്ണ് കടത്തിയവരെ കണ്ടത്തെി നടപടി സ്വീകരിക്കാനും പൊലീസിനോടും ഉത്തരവിട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.