കൊച്ചി മെട്രോ: റെയിലുകള്‍ ഉറപ്പിക്കുന്നതിന് തുടക്കമായി

കൊച്ചി: മെട്രോ ട്രെയിന്‍ പായുന്ന റെയിലുകള്‍ ഉറപ്പിക്കുന്ന ജോലിക്ക് തുടക്കമായി. വയഡക്ടുകള്‍ക്ക് മുകളില്‍ റെയിലുകള്‍ കോണ്‍ക്രീറ്റ് പ്ളിന്ത് ഇട്ട് ഉറപ്പിക്കുന്ന ജോലിയാണ് ആരംഭിച്ചത്. ബാലസ്റ്റ്ലെസ് സമ്പ്രദായത്തിലാണ് മെട്രോക്ക് റെയിലുകള്‍ സ്ഥാപിക്കുന്നത്. റെയിലുകള്‍ കരിങ്കല്‍ച്ചീളുകള്‍ ഇട്ട ശേഷം അതിന്മേല്‍ ഉറപ്പിക്കുന്ന രീതിയാണ് സാധാരണഗതിയില്‍ ചെയ്തുവരാറുള്ളത്. ഇതിനുപകരം സ്ളീപ്പറുകള്‍ ഇല്ലാതെ നിര്‍ദിഷ്ട ഉയരത്തില്‍ കോണ്‍ക്രീറ്റ് നിരത്തി ഉറപ്പിക്കുന്ന രീതിയാണ് കൊച്ചി മെട്രോക്ക് ചെയ്യുന്നത്. കളമശ്ശേരിക്കും കുസാറ്റ് സ്റ്റേഷനുമിടയില്‍ ടി.വി.എസ് ജങ്ഷനില്‍ 285മത്തെയും 286മത്തെയും തൂണുകളെ ബന്ധിപ്പിക്കുന്ന സ്ഥലത്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോണ്‍ക്രീറ്റ് പ്ളിന്ത് ഇട്ട് ഉറപ്പിക്കുന്ന ജോലി പൂര്‍ത്തിയായത്. ഇടതുവശത്തെ പാതയുടെ നാല് പ്ളിന്തും വലതുവശത്തെ പാതയുടെ മൂന്ന് പ്ളിന്തുമാണ് പൂര്‍ത്തിയായത്. തൊട്ടടുത്ത തൂണുകളെ ബന്ധിപ്പിക്കുന്ന സ്ഥലത്ത് വെള്ളിയാഴ്ച രാത്രി ഈ ജോലി തുടരും. കളമശ്ശേരി മുതല്‍ കുസാറ്റ് വരെ 30 സ്പാനിലാണ് ആദ്യഘട്ടത്തില്‍ 1200 മീറ്റര്‍ നീളത്തില്‍ റെയിലുകള്‍ സ്ഥാപിക്കുന്നത്. കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിക്കുന്ന പ്ളിന്തുകളില്‍ റെയില്‍ വെല്‍ഡ് ചെയ്താണ് ഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.