മേയര്‍ക്ക് ആദ്യനിവേദനം എം.എല്‍.എയുടേത്

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ മാന്നുള്ളിപ്പാടം കോളനിയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ചായിരുന്നു മേയറായി ചുമതലയേറ്റ സൗമിനി ജയിനിന് ആദ്യം ലഭിച്ച നിവേദനം. ഹൈബി ഈഡന്‍ എം.എല്‍.എയാണ് കോളനിവാസികളുടെ സാന്നിധ്യത്തില്‍ നിവേദനം നല്‍കിയത്. വലിയ വികസനങ്ങള്‍ സംഭവിക്കുമ്പോഴും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍െറ പ്രശ്നമെന്ന നിലയിലാണ് പുതിയ മേയറുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നത്. മാന്നുള്ളിപ്പാടം കോളനിവാസികളുടെ ഹരജിയാണ് നിവേദനത്തിന് കാരണം. 60 വര്‍ഷത്തിലേറെയായി 36 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. 1989 മുതല്‍ പട്ടയം ലഭിക്കുന്നതിന് പരിശ്രമങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്. കോളനിവാസികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് സര്‍ക്കാറുമായി വിവിധ തലങ്ങളില്‍ താന്‍ ബന്ധപ്പെട്ടതില്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും ലഭിച്ചതായി എം.എല്‍.എ അറിയിച്ചു. എന്നാല്‍, കൊച്ചി കോര്‍പറേഷന്‍െറ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് നിലവില്‍ ഇവര്‍ക്ക് പട്ടയം ലഭിക്കുന്നതിന് തടസ്സം. 60 വര്‍ഷമായി കോളനികളില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുക പ്രായോഗികമല്ളെന്നത് യാഥാര്‍ഥ്യമാണ്. ഈ വിഷയത്തിന്‍െറ പ്രാധാന്യം കണക്കിലെടുത്ത് മാന്നുള്ളിപ്പാടം കോളനിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിനാവശ്യമായ എന്‍.ഒ.സി ആദ്യ കൗണ്‍സിലില്‍തന്നെ അനുവദിക്കണമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.