സംസ്ഥാന പാത പുനര്‍നിര്‍മാണം; പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധ സമരം

വൈപ്പിന്‍: വൈപ്പിന്‍-മുനമ്പം സംസ്ഥാന പാത പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ഞാറക്കല്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നില്‍ നടത്തിയ ജനകീയ പ്രതിഷേധ സമരം സമിതി ചെയര്‍മാന്‍ പോള്‍ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അരവിന്ദാക്ഷന്‍ ബി. തച്ചേരി അധ്യക്ഷത വഹിച്ചു. ശുദ്ധജല പദ്ധതിയുടെ നവീകരണ പദ്ധതിയുടെ ഭാഗമായി കുഴല്‍ സ്ഥാപിക്കാനാണ് നാലുവര്‍ഷം മുമ്പ് പാത വെട്ടിപ്പൊളിച്ചത്. ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവില്‍ ഒരുവര്‍ഷം പുനര്‍നിര്‍മാണം നടത്തിയെങ്കിലും പലയിടത്തും പൂര്‍ണമായിട്ടില്ല. ഇടക്കിടെ കുഴി നികത്തലും കൃത്യതയില്ലാത്ത ടാറിങ്ങും മൂലം പലയിടങ്ങളിലും റോഡ് മോശമായ അവസ്ഥയാണ്. റബറൈസ്ഡ് ടാറിങ്ങിലൂടെ മികച്ച നിലവാരത്തിലായിരുന്നു പാത. ഞാറക്കല്‍ പെരുമ്പിള്ളി മുതല്‍ ചെറായി വരെ പ്രദേശങ്ങളില്‍ പലയിടത്തും ശരിയാം വണ്ണം അറ്റകുറ്റപ്പണി ചെയ്യാതെ കിടക്കുകയാണ്. പെരുമ്പിള്ളി, ഞാറക്കല്‍ പാലങ്ങളിലും എടവനക്കാട്, കുഴുപ്പിള്ളി, ചെറായി ഭാഗങ്ങളിലും റോഡില്‍ കുഴികള്‍ മൂലം വാഹന ഗതാഗതം ദുഷ്കരമായിരിക്കുന്നു. വൈപ്പിന്‍ സംസ്ഥാന പാതയുടെ ടാറിങ് പൂര്‍ത്തിയാക്കുന്നില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് സമിതി ആരോപിച്ചു. പാതയുടെ പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് പോള്‍ ജെ. മാമ്പിള്ളി പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എം. രാജഗോപാല്‍, ജോയന്‍റ് കണ്‍വീനര്‍ സോജന്‍ മഠത്തിപ്പറമ്പില്‍, ജോളി ജോസഫ്, അഡ്വ. ടി.എ. തോമസ്, സ്റ്റീഫന്‍ റോഡ്രിക്സ്, കെ.കെ. പാര്‍ഥന്‍, ഫ്രാന്‍സീസ് അറക്കല്‍, ജോസഫ് നരികുളം, എം.കെ. ജോണ്‍, ഒ.എസ്. ശ്രീജിത്ത്, റോബര്‍ട്ട് റിബേര, ജോസ് മറ്റത്തില്‍, സ്നേഹാലയം പീറ്റര്‍, അല്‍ഫോണ്‍സ മാത്യൂസ്, ഡാളി ഫ്രാന്‍സീസ്, കെ.കെ. അറുമുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.