ആലുവ നഗരസഭ: ലിസി എബ്രഹാമും ജബി മത്തേറും ചെയര്‍പേഴ്സണ്‍ സ്ഥാനം പങ്കിടും

ആലുവ: നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം ലിസി എബ്രഹമാമും ജബി മത്തേര്‍ ഹിഷാമും പങ്കിടാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. ആദ്യത്തെ ഒരുവര്‍ഷമാണ് സീനിയര്‍ കൗണ്‍സിലറും കഴിഞ്ഞ കൗണ്‍സിലിലെ വൈസ് ചെയര്‍പേഴ്സനുമായ ലിസി എബ്രഹാമിന് അനുവദിച്ചത്. പിന്നീടുള്ള നാലുവര്‍ഷം ജബി മത്തേര്‍ ചെയര്‍പേഴ്സനാകും. മറ്റൊരു മുതിര്‍ന്ന കൗണ്‍സിലറായ സി. ഓമന അഞ്ചുവര്‍ഷവും വൈസ് ചെയര്‍പേഴ്സണാകും. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ പദവികള്‍ സ്ത്രീകള്‍ക്ക് ലഭിച്ചതോടെ നഗരഭരണം പൂര്‍ണമായും സ്ത്രീകളുടെ നിയന്ത്രണത്തിലായി. ഇതിനിടെ, പിന്‍സീറ്റ് ഭരണത്തിനായാണ് ചില നേതാക്കാള്‍ ഇരു പദവികളും സ്ത്രീകള്‍ക്ക് നല്‍കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ പദവികള്‍ ഇത്തവണയും എ ഗ്രൂപ്പാണ് കൈപ്പിടിയിലൊതുക്കിയത്. തങ്ങളുടെ നേതാവായ അന്‍വര്‍ സാദത്ത് ആലുവ എം.എല്‍.എ ആയതോടെ ഐ ഗ്രൂപ്പിന് ആലുവയില്‍ കുറച്ച് വേരോട്ടം ലഭിച്ചിരുന്നു. അതിനാല്‍ തന്നെ വൈസ് ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു ഐ ഗ്രൂപ്പുകാരുടെ വിശ്വാസം. എന്നാല്‍, സീനിയോറിറ്റിയും ഭരണപരിചയവും ആയുധമാക്കി എ വിഭാഗം ഐ ഗ്രൂപ് നീക്കം തന്ത്രപൂര്‍വം തടയുകയായിരുന്നു. ഐ വിഭാഗത്തിലെ ജറോം മൈക്കിള്‍ വൈസ് ചെയര്‍മാനാകുമെന്നായിരുന്നു ഗ്രൂപ്പിന്‍്റെ പ്രതീക്ഷ. എന്നാല്‍, ജറോമടക്കം പലരും നഗരസഭയില്‍ ആദ്യമായാണ് കൗണ്‍സിലര്‍മാരാകുന്നത്. ഇത് ഐ ഗ്രൂപ്പിന് തിരിച്ചടിയായി. ചെയര്‍പേഴ്സണ്‍ സ്ഥാനത്തിനായി ഐ ഗ്രൂപ്പിലെ മുതിര്‍ന്ന കൗണ്‍സിലറായ കെ.വി. സരള ശ്രമം നടത്തിയെങ്കിലും ആരും അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് ഇവര്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍, സരളയുടെ പ്രതിഷേധവുമായി തങ്ങള്‍ക്ക് ബന്ധമില്ളെന്ന് ഐ ഗ്രൂപ് നേതൃത്വം വ്യക്തമാക്കി. ചെയര്‍പേഴ്സണെ എല്ലാവരും ചേര്‍ന്നാണ് തെരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എ വിഭാഗം കഴിഞ്ഞ തവണത്തെ ചെയര്‍മാന്‍ എം.ടി. ജേക്കബിനെയാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നുപറഞ്ഞ് അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ലിസി എബ്രഹാം കൗണ്‍സിലറാകുന്നത്. കോണ്‍ഗ്രസിന്‍െറ സജീവ പ്രവര്‍ത്തകയായ ഇവര്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയുമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഡ്വ. ജബി മത്തേര്‍ ഹിഷാം അഖിലേന്ത്യ കമ്മിറ്റിയംഗവും അഖിലേന്ത്യ ക്യാമ്പ് കോഓഡിനേറ്റരുമാണ്. തുടര്‍ച്ചയായി രണ്ടാം തവണയും കൗണ്‍സിലറായ ഇവര്‍ ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ സഹകരണത്തോടെ നടപ്പാക്കുന്ന നഗരവികസന പദ്ധതിയുടെ കോഓഡിനേറ്ററുമാണ്. നാലാം തവണയാണ് സി. ഓമന കൗണ്‍സിലറാകുന്നത്. ആദ്യം സി.പി.ഐ സ്വതന്ത്രയായി കൗണ്‍സിലറായ ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ജനശ്രീ ഭാരവാഹിയും കാര്‍ഷിക ബാങ്ക് ഡയറക്ടറുമാണ്. ചെയര്‍പേഴ്സണെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. മഹാനാമി ഹാളില്‍ നടന്ന പരിപാടിയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, ജയന്‍, വൈസ് പ്രസിഡനറ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.ഒ.ജോണ്‍, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് തോപ്പില്‍ അബു, മണ്ഡലം പ്രസിഡന്‍റ് ജോസി പി. ആന്‍ഡ്രൂസ്, നഗരസഭാ മുന്‍ ചെയര്‍മാന്‍ എം.ടി. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.