മട്ടാഞ്ചേരി: പോളപ്പായല്‍ശല്യം മൂലം മീന്‍ പിടിക്കാന്‍ ഇടമില്ലാതെ മത്സ്യത്തൊഴിലാളികള്‍ വലയുന്നു. തോടുകള്‍, ഇടത്തോടുകള്‍, കനാലുകള്‍ തുടങ്ങി കായലുകള്‍ വരെ പോളപ്പായലുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇടക്കിടെ പെയ്യുന്ന മഴയാണ് പതിവില്ലാത്തവിധം ഇടതൂര്‍ന്ന് ജലോപരിതലത്തില്‍ പായല്‍ വളരാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണയായി ഈ സീസണില്‍ പായലുകള്‍ ചൂടുമൂലം കരിഞ്ഞുപോകാറാണ് പതിവെങ്കിലും ഇടക്കിടെ പെയ്യുന്ന മഴ പായല്‍ വളര്‍ച്ചക്ക് സഹായകരമാവുകയാണ്. പായല്‍ തിങ്ങി വളര്‍ന്നിരിക്കുന്നതുമൂലം മത്സ്യബന്ധനത്തിന് ചെറുവള്ളങ്ങള്‍ ഇറക്കാനാകാത്ത അവസ്ഥയാണ്. എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും പായല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞദിവസം പെരുമ്പടപ്പ് കായലില്‍ ഊരളക്കശ്ശേരി ഭാഗത്ത് വള്ളം പായല്‍ മൂലം കായലില്‍ കുടുങ്ങിയിരുന്നു. മറ്റുള്ളവര്‍ക്ക് പായല്‍ മുറ്റി വളര്‍ന്നതുമൂലം അടുക്കാനാവാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങള്‍ക്കും ഇവരെ രക്ഷപ്പെടുത്താനായത്. ചീനവല, നീട്ടുവല, വീശുവല തുടങ്ങിയ മത്സ്യബന്ധന രീതികള്‍ക്ക് പായല്‍ശല്യം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വലകള്‍ പായലുകള്‍ക്ക് മുകളില്‍ തങ്ങിനില്‍ക്കുന്നതിനാല്‍ വെള്ളത്തിലേക്ക് വല ഇറക്കാനാകാത്ത സ്ഥിതിയാണ്. പായലുകള്‍ വലയില്‍ കയറി ഭാരം കൂടുന്നതിനാല്‍ വല കീറുന്നതും പതിവായി. ചീനവലകള്‍ വെള്ളത്തിലേക്ക് താഴുന്ന ഭാഗത്ത് മുളകള്‍ വട്ടത്തിലിട്ട് പായലുകള്‍ മാറ്റിയാണ് കുമ്പളങ്ങി, പെരുമ്പടപ്പ് മേഖലയില്‍ ചീനവലക്കാര്‍ മീന്‍ പിടിക്കുന്നത്. എന്നാല്‍, ഒന്നോ, രണ്ടോ തവണ വല ഉപയോഗിക്കുമ്പോഴേക്കും വീണ്ടും പായല്‍ മുള വേലികള്‍ക്കകത്തേക്ക് കയറുകയാണ്. പായല്‍ശല്യം ഇത്രയേറെ രൂക്ഷമാകുന്നത് ആദ്യമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഓരോ സീസണിലും അധികൃതര്‍ പോളപ്പായല്‍ നിര്‍മാര്‍ജനത്തിന് ആധുനിക മാര്‍ഗങ്ങള്‍ അവലംബിക്കുമെന്ന് പറയുന്നതല്ലാതെ പ്രാബല്യത്തില്‍ വരുത്താത്തത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.