ചിറ്റാറ്റുകര പഞ്ചായത്തില്‍ അനധികൃത കൈയേറ്റം

പറവൂര്‍: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ തോട് അനധികൃതമായി കൈയേറി. ഉദ്യോഗസ്ഥരെയും സമീപവാസികളെയും കബളിപ്പിച്ചാണ് അനധികൃത നിര്‍മാണപ്രവൃത്തികള്‍ നടത്തിയതെന്നാണ് ആരോപണം. മന്നം സ്വദേശികളായ പാര്‍വതീപുരം അജിത സുധീഷ്, ബിന്ദു ഭവനില്‍ ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പഞ്ചായത്ത് നല്‍കിയ സ്റ്റോപ് മെമ്മോ നിലനില്‍ക്കേ തോട് കൈയേറി മരാമത്ത് പണികള്‍ നടത്തിയത്. 2015 ജനുവരി 23ന് അനധികൃത നിര്‍മാണം സംബന്ധിച്ച് സമീപവാസികളായ ചിലര്‍ ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ച് 11ന് പഞ്ചായത്ത് പ്രസിഡന്‍റ്, വാര്‍ഡ് മെംബര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ ഇരുകക്ഷികളെയും ഓഫിസില്‍ വിളിച്ചുവരുത്തി ഹിയറിങ് നടത്തിയിരുന്നു. രണ്ടു മീറ്റര്‍ വീതിയില്‍ തോട് ഒഴിച്ചിട്ട് നിര്‍മാണപ്രവൃത്തികള്‍ നടത്താന്‍ തീരുമാനിക്കുകയും എതിര്‍കക്ഷികള്‍ ശരിവെക്കുകയും ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്ന സ്ഥലം പരിശോധിക്കുകയും തോടിനായി രണ്ട് മീറ്റര്‍ വീതിയില്‍ കുറ്റിയടിച്ച് കയര്‍ കെട്ടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിര്‍മാണപ്രവൃത്തികള്‍ വീണ്ടും ആരംഭിക്കുകയും എതിര്‍കക്ഷികള്‍ ഇതുസംബന്ധിച്ച് മാര്‍ച്ച് 17ന് പരാതി നല്‍കുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്ഥലം ഉടമകളായ രണ്ടുകൂട്ടര്‍ക്കും പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കുകയും അനധികൃത നിര്‍മാണം പൊളിച്ചുനീക്കാന്‍ പൊലീസില്‍ രേഖാമൂലം നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷം തുടര്‍നടപടികളില്ലാതിരുന്നത് മുതലാക്കി ഭൂവുടമകള്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ അനധികൃത നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്.നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് സമീപവാസികളായ ഏതാനും പേര്‍ ചേര്‍ന്ന് വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി പഞ്ചായത്ത് അംഗീകരിച്ച തോട്ടില്‍ കൂടി നീരൊഴുക്ക് തടസ്സപ്പെടാതെ പോകാന്‍ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.