കുസാറ്റ് കാമ്പസില്‍ തണല്‍മരങ്ങള്‍ക്ക് അധികൃതരുടെ കോടാലി

കൊച്ചി: സൗന്ദര്യവത്കരണത്തിന്‍െറ മറവില്‍ കൊച്ചി സര്‍വകലാശാലയുടെ എറണാകുളത്തെ ലേക് സൈഡ് കാമ്പസിലെ വന്‍ മരങ്ങള്‍ ഉള്‍പ്പെടെ വെട്ടി. ദീപാവലി അവധിയില്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍ പോയ തക്കം നോക്കിയാണ് അധികൃതര്‍ കാമ്പസിലെ മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചത്. എറണാകുളം ഫൈന്‍ ആര്‍ട്സ് സൊസൈറ്റിക്ക് സമീപം ഫോര്‍ഷോര്‍ റോഡില്‍ രണ്ടര ഏക്കറില്‍ സ്ഥിതിചെയ്യുന്ന കൊച്ചിയിലെ ഏറ്റവും മനോഹരമായ കാമ്പസിലെ ചെറുതും വലുതുമായ മരങ്ങളാണ് വെട്ടിനിരത്തിയത്. കാമ്പസിനകത്തെ പാതയോരത്ത് തണല്‍ വിരിച്ച് നിന്നിരുന്ന 40 വര്‍ഷത്തിലേറെ പഴക്കമുള്ള തണല്‍മരങ്ങളാണ് അപകടഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വെട്ടിമാറ്റിയിരിക്കുന്നത്. അവധി ദിവസങ്ങളായ ദീപാവലി, രണ്ടാം ശനി ദിവസങ്ങളില്‍ കാമ്പസില്‍ മരംമുറി വ്യാപകമായി നടന്നു. അവശേഷിച്ച രണ്ട് മരങ്ങള്‍ ഞായറാഴ്ച മുറിക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ തടഞ്ഞതോടെ അധികൃതര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കാമ്പസ് സ്ഥാപിതമായതു മുതല്‍ വെച്ചുപിടിപ്പിച്ച തണല്‍ മരങ്ങളാണ് വെട്ടിനിരത്തിയത്. അതേസമയം കാമ്പസിനകത്തെ പാഴ്മരങ്ങള്‍ വെട്ടിമാറ്റിയിട്ടില്ല. പരിസ്ഥിതി സംരക്ഷണത്തിന്‍െറ പേരില്‍ നിരവധി പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും പുറത്തിറങ്ങുന്ന സ്ഥാപനത്തില്‍ തന്നെയാണ് മരങ്ങള്‍ വ്യാപകമായി നശിപ്പിച്ച അധികൃതരുടെ നടപടി വിരോധാഭാസമാണെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ദേശീയ- അന്തര്‍ദേശീയ സെമിനാറുകള്‍ വര്‍ഷംതോറും നടക്കുന്ന സ്ഥലമാണ് കൊച്ചി സര്‍വകലാശാലയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ലേക് സൈഡ് കാമ്പസ്. തിങ്കളാഴ്ച കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വിദേശ പ്രതിനിധി അടക്കം പങ്കെടുക്കുന്ന സെമിനാര്‍ നടക്കാനിരിക്കെ അധികൃതരുടെ ഈ നടപടിയില്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിച്ചു. തിങ്കളാഴ്ച പ്രതിഷേധ സമരം നടത്താനും വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരിക്കുകയാണ്. മരങ്ങള്‍ മുറിക്കാന്‍ കുസാറ്റ് രജിസ്ട്രാര്‍ അനുവാദം നല്‍കിയിട്ടില്ളെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. വെട്ടിമാറ്റിയ മരങ്ങളുടെ സ്ഥാനത്ത് പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് പ്രതിഷേധിക്കാനാണ് വിദ്യാര്‍ഥി ഐക്യവേദിയുടെ തീരുമാനം. വര്‍ഷങ്ങളുടെ പഴക്കമുള്ളതിനാല്‍ തണല്‍ മരങ്ങള്‍ വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നവയാണ്. എന്നാല്‍, ഉണങ്ങിനിന്നിരുന്ന മരങ്ങളാണ് വെട്ടിമാറ്റിയതെന്ന് സ്കൂള്‍ ഓഫ്് മറൈന്‍ സയന്‍സ് ഡയറക്ടര്‍ പ്രഫ. സാജന്‍ വ്യക്തമാക്കി. കാടുപിടിച്ച് കിടക്കുന്ന ലൈബ്രറി പരിസരത്ത് ഇരുചക്രവാഹന പാര്‍ക്കിങ് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. അരണ മരങ്ങള്‍ നീക്കം ചെയ്ത് കാമ്പസ് സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി പനകള്‍ വെച്ചുപിടിപ്പിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.