ഷാജിക്ക് സ്നേഹത്തിന്‍െറ വെളിച്ചം പകര്‍ന്ന് ഹൗസ് ചലഞ്ച്

മട്ടാഞ്ചേരി: കാഴ്ചയുടെ വെളിച്ചം നഷ്ടമായ ഷാജിക്ക് സ്നേഹത്തിന്‍െറ വെളിച്ചമിതാണെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു നാട്. അന്ധനായ ഷാജിക്ക് പൊലീസ് പണിതുനല്‍കിയ വീടിന്‍െറ താക്കോല്‍ കൈമാറല്‍ ചടങ്ങ് ലോകത്തിനുള്ള സന്ദേശമായി. കുടുംബ വിഹിതമായി ലഭിച്ച ഒന്നര സെന്‍റ് ഭൂമിയില്‍ കിടപ്പാടം നിര്‍മിക്കാന്‍ കഴിയാതെ വിഷമിച്ച അമരാവതി മാടപറമ്പില്‍ ഷാജി - മേബിള്‍ ദമ്പതികള്‍ക്കാണ് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. തോപ്പുംപടി ഒൗവര്‍ ലേഡീസ് സ്കൂളിലെ ഹൗസ് ചലഞ്ച് പദ്ധതിയുടെ കോഓഡിനേറ്ററായ സിസ്റ്റര്‍ ലിസി ചക്കാലക്കലായിരുന്നു ഷാജിയുടെ വിഷമകഥ മട്ടാഞ്ചേരി അസി. പൊലീസ് കമീഷണര്‍ ജി. വേണുവിനെ അറിയിച്ചത്. തുടര്‍ന്ന് മട്ടാഞ്ചേരി സബ് ഡിവിഷനിലെ പൊലീസ് സേന വീടിന്‍െറ നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. സബ് ഡിവിഷനിലെ 360 പൊലീസുകാരും തങ്ങളുടെ വേതനത്തില്‍നിന്ന് ആയിരം രൂപ വീതം നല്‍കി മനോഹരമായ ഭവനത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കി. അമരാവതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ ഷാജിക്ക് വീടിന്‍െറ താക്കോല്‍ കൈമാറി. ചടങ്ങില്‍ മട്ടാഞ്ചേരി അസി. കമീഷണര്‍ ജി. വേണു അധ്യക്ഷത വഹിച്ചു. ഹൗസ് ചലഞ്ച് പദ്ധതിയുടെ ആദ്യ ഭൂദാതാവായ പോള്‍ ആലൂക്കാസ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ ബെന്നി ഫര്‍ണാണ്ടസ്, മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം. ബൈജു, സിസ്റ്റര്‍ എല്‍സമ്മ തോമസ്, എന്‍.ജെ. ബാബു, പി.ജെ. സിമ്പ്രോസിയ, ടി.എം. റിഫാസ്, ലില്ലി പോള്‍, ഷാലിമ ജോര്‍ജ്, മേബിള്‍ ഷാജി, മുഹ്സിന മുഹമ്മദ്, എം.എ. എയ്ഞ്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.