യേശുദാസ് പറവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റായേക്കും

പറവൂര്‍: പറവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റായി യേശുദാസ് പറപ്പിള്ളിയെ നിയോഗിക്കാന്‍ സി.പി.എം ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചതായി സൂചന. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ബ്ളോക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് ഇടത് സഹയാത്രികനായ യേശുദാസിന്‍െറ പേര് നിര്‍ദേശിക്കാന്‍ തത്ത്വത്തില്‍ ധാരണയായത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് സമിതിയില്‍ നാലു വര്‍ഷത്തോളം ഇദ്ദേഹം കടുങ്ങല്ലൂര്‍ ഡിവിഷനെ പ്രതിനിധാനം ചെയ്തിരുന്നു. എന്നാല്‍, എതിര്‍സ്ഥാനാര്‍ഥി യു.ഡി.എഫിലെ എം.വി. ലോറന്‍സ് തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് കോടതിയില്‍ പോയതോടെ ഹൈകോടതി യേശുദാസിന്‍െറ വിജയം റദ്ദ് ചെയ്യുകയും ലോറന്‍സിനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. എല്‍.ഡി.എഫുമായി പ്രത്യേകിച്ച് സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യേശുദാസിനെ ഇത്തവണ ബ്ളോക് പഞ്ചായത്ത് കോട്ടുവള്ളി ഡിവഷനിലാണ് നിര്‍ത്തി വിജയിപ്പിച്ചത്. ലത്തീന്‍ കത്തോലിക്ക സഭാ നേതൃത്വവുമായുള്ള യേശുദാസിന്‍െറ അടുത്തബന്ധമാണ് പ്രസിഡന്‍റ് പദവിയിലേക്ക് പരിഗണിക്കാന്‍ കാരണമത്രെ. ജില്ലാ നേതൃത്വത്തിന്‍െറ തീരുമാനം ആലങ്ങാട്, പറവൂര്‍ ഏരിയാ കമ്മിറ്റിയില്‍ അവതരിപ്പിച്ച് അടുത്തദിവസംതന്നെ അംഗീകാരം തേടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.