പച്ചാളം മേല്‍പ്പാലം ജനുവരി 11ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: വടുതല-പച്ചാളം നിവാസികള്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി പച്ചാളം റെയില്‍വേ മേല്‍പാലം ജനുവരി 11ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും. 2014 മാര്‍ച്ച് നാലിനായിരുന്നു പാലത്തിന്‍െറ നിര്‍മാണം ആരംഭിച്ചത്. സ്ഥലമേറ്റെടുത്തുനല്‍കിയാല്‍ ആറുമാസത്തിനകം പാലം യാഥാര്‍ഥ്യമാക്കുമെന്ന് ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമരങ്ങളും മറ്റും വലച്ചതിനാല്‍ പണി നീണ്ടു. എങ്കിലും നിര്‍മാണത്തിനെടുത്ത സമയം ചെറുതായിരുന്നു. 330 മീറ്റര്‍ നീളവും 10 മീറ്റര്‍വീതിയുമുള്ള പാലത്തിന് 21 സ്പാനുകളാണുള്ളത്. ഇതില്‍ റെയിലിനുമുകളിലൂടെയുള്ള 27 മീറ്റര്‍ ദൈര്‍ഘ്യമുള്ള സ്പാന്‍ സ്റ്റീലിലാണ് നിര്‍മിച്ചത്. 52.7 കോടിരൂപ ചെലവുവന്ന പാലത്തിന്‍െറ നിര്‍മാണച്ചുമതല ഡി.എം.ആര്‍.സിക്കായിരുന്നു. ഇ. ശ്രീധരനാണ് പാലത്തിന്‍െറ ഘടന നിശ്ചയിച്ചതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും. പാലം നിര്‍മാണത്തിന് 32 പേരുടെ 44.96 സെന്‍റ് സ്ഥലം ഏറ്റെടുത്തു. റെയില്‍വേയുടെ ചുമതലയുള്ള ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എക്സൈസ് മന്ത്രി കെ. ബാബു, പ്രഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ലൂഡി ലൂയിസ്, മേയര്‍ സൗമിനി ജയിന്‍, ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.