കോതമംഗലം: 28ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് മാര്‍ ബേസില്‍ സ്കൂളില്‍ ചൊവ്വാഴ്ച കൊടിയേറും. രജിസ്ട്രേഷന്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. 14 സബ് ജില്ലകളില്‍നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ പ്രധാന വേദിയായ മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ പതാക ഉയര്‍ത്തും. സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ എട്ടിന് ബാന്‍റ്മേളം മത്സരവും സെന്‍റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 9.30ന് ചവിട്ടുനാടകമത്സരങ്ങളും മാര്‍ബേസില്‍ സ്കൂളില്‍ രചനമത്സരങ്ങളും നടക്കും . ഉച്ചക്ക് 2.30ന് മാര്‍ത്തോമ ചെറിയപള്ളി അങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കലക്ടര്‍ എം.ജി. രാജമാണിക്യം ഫ്ളാഗ് ഓഫ് ചെയ്യും. വിവിധ സ്കൂളുകളിലെ എന്‍.സി.സി കാഡറ്റുകളടക്കം ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയേകും. വൈകുന്നേരം നാലിന് മാര്‍ ബേസില്‍ സ്കൂള്‍ സ്റ്റേഡിയത്തില്‍ മേളയുടെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. ടി.യു. കുരുവിള എം.എല്‍.എ അധ്യക്ഷത വഹിക്കും. ജോയ്സ് ജോര്‍ജ് എം.പി മുഖ്യ പ്രഭാഷണവും കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രപ്പോലിത്ത പ്രഭാഷണം നടത്തും. എം.എല്‍.എമാരായ എസ്. ശര്‍മ, സാജു പോള്‍, ജോസഫ് വാഴക്കന്‍, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍ എന്നിവര്‍ സംബന്ധിക്കും. കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത ‘മാധ്യമം’ സീനിയര്‍ ഡി.ടി.പി ഓപറേറ്റര്‍ ജോഷി വിന്‍സെന്‍റിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍ ഉപഹാരം നല്‍കും. ഘോഷയാത്ര വിജയികള്‍ക്ക് സമ്മാനദാനം നഗരസഭാ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു നിര്‍വഹിക്കും. എട്ടുവര്‍ഷത്തിന് ശേഷമാണ് കോതമംഗലം കലോത്സവത്തിന് വേദിയാകുന്നത്. ഒമ്പത് ഇടങ്ങളിലായി 16 വേദികളിലാണ് മത്സരങ്ങള്‍. മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് പ്രധാന വേദി. സെന്‍റ് അഗസ്റ്റ്യന്‍സ് സ്കൂള്‍, സെന്‍റ് ജോര്‍ജ് സ്കൂള്‍, ഗവ. ടൗണ്‍ യു.പി സ്കൂള്‍, ഗവ. എല്‍.പി.ജി സ്കൂള്‍, കല ഓഡിറ്റോറിയം, മുനിസിപ്പല്‍ ഓഡിറ്റോറിയം, ലയണ്‍സ് ക്ളബ് ഹാള്‍, ഹോളിഡേ ക്ളബ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരവേദി. മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തിലാണ് ഭക്ഷണപ്പന്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.