സ്പിരിറ്റ് കേസ്: സി.പി.എം ലോക്കല്‍ സെക്രട്ടറി പുറത്ത്

ചാരുംമൂട്: കള്ളുഷാപ്പില്‍നിന്നും സ്പിരിറ്റും കള്ളും പിടികൂടിയ കേസില്‍ ഉള്‍പ്പെട്ട സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും നീക്കംചെയ്തു. കഴിഞ്ഞദിവസം ചേര്‍ന്ന അടിയന്തര ലോക്കല്‍ കമ്മിറ്റിയിലാണ് തീരുമാനം. കള്ളുഷാപ്പിന്‍െറ ലൈസന്‍സിയും സി.പി.എം നൂറനാട് തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ രമേശനെയാണ് പാര്‍ട്ടി ചുമതലയില്‍ നിന്ന് നീക്കംചെയ്തത്. പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത ലോക്കല്‍ കമ്മിറ്റിയിലായിരുന്നു തീരുമാനം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന എസ്. രാമകൃഷ്ണന് സെക്രട്ടറിയുടെ ചുമതല നല്‍കി. മാവേലിക്കര മറ്റം തെക്ക് ടി.എസ് ഒമ്പതാം നമ്പര്‍ കള്ളുഷാപ്പില്‍നിന്ന് എക്സൈസ് സംഘം അഞ്ചുലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ കള്ളും പിടിച്ചിരുന്നു. വ്യാജകള്ള് വില്‍ക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഷാപ്പിന്‍െറ ലൈന്‍സികളായ നാലുപേര്‍ക്കെതിരെ എക്സൈസ് കേസെടുത്തു. ഇതില്‍ ഒരു ലൈസന്‍സിയാണ് രമേശന്‍. സംഭവം പുറത്തായതോടെ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം രമേശനെതിരെ രംഗത്തത്തെിയിരുന്നു. തുടര്‍ന്നാണ് അടിയന്തര എല്‍.സി വിളിച്ചുചേര്‍ത്ത് നടപടിയെടുത്തത്. അബ്കാരികള്‍, കരാറുകാര്‍ തുടങ്ങിയവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കേണ്ടെന്ന തീരുമാനം നിലനില്‍ക്കെയാണ് കള്ളുഷാപ്പ് ലൈസന്‍സിയായ രമേശന്‍ പാര്‍ട്ടി എല്‍.സി സെക്രട്ടറി സ്ഥാനത്ത് വന്നത്. ഇതിനുപിന്നില്‍ ചില നേതാക്കളുണ്ടെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. രമേശനെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കണമെന്ന് ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ചയുണ്ടായതായും അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.