ആലുവ: ജില്ലയിലെ വിവിധ സ്കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികളെ ഇടനിലക്കാരാക്കി കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ തലവനെ എറണാകുളം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. കൊച്ചി തമ്മനം സ്വദേശി സോണി ജോസഫിനെയാണ് സ്പെഷല്‍ സ്ക്വാഡ് സി.ഐ ടി.എസ്. ശശികുമാറിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. എറണാകുളം-തൃപ്പൂണിത്തുറ മേഖലയില്‍ കഞ്ചാവ ് വലിക്കുന്നതിനിടെ പിടിയിലായ ചില വിദ്യാര്‍ഥികളില്‍നിന്നാണ് ഇയാളെകുറിച്ച് വിവരം ലഭിച്ചത്. ഒരു മാസത്തിലേറെയായി ഇയാളെ പിടികൂടാന്‍ എക്സൈസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് നഗരത്തിലെ കോളജ് വിദ്യാര്‍ഥിയാണെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് മുന്‍കൂറായി പണം നല്‍കിയാണ് ഇയാളെ ഒന്നര കിലോ കഞ്ചാവ് സഹിതം വലയിലാക്കിയത്. ഇയാള്‍ക്കൊപ്പം ആറ് സ്കൂള്‍ വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇവര്‍ രക്ഷപ്പെട്ടു. വിദ്യാലയങ്ങളില്‍ ചെറിയ പൊതികളാക്കി വില്‍പന നടത്താന്‍ കൂട്ടുനില്‍ക്കുന്ന വിദ്യാര്‍ഥികളെ ഇയാള്‍ ഇടക്കിടെ വിനോദയാത്രക്ക് കൊണ്ടുപോകാറുണ്ട്. വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തിയും കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. തമ്മനത്തെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ 21 വയസ്സിനിടെ 20ഓളം കഞ്ചാവ് കേസുകളില്‍ പിടിയിലായിട്ടുണ്ട്. എന്നാല്‍, ഒരു കിലോയില്‍ കുറഞ്ഞ അളവില്‍ മാത്രമേ ഇയാള്‍ കൈയില്‍ വെക്കുകയുള്ളൂവെന്നതിനാല്‍ ഈ കേസുകളിലെല്ലാം ജാമ്യത്തിലിറങ്ങുകയായിരുന്നു. മുന്‍കാല കേസുകളുടെ വിവരങ്ങള്‍ സഹിതം ഇയാളെ റിമാന്‍ഡ് ചെയ്യുന്നതിന് തൃപ്പൂണിത്തുറ കോടതിയില്‍ അപേക്ഷ നല്‍കാനാണ് എക്സൈസിന്‍െറ തീരുമാനം. മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്നിനെതിരെ കൗണ്‍സലിങ് നല്‍കാന്‍ വിദ്യാലയ അധികൃതരുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതി തയാറാക്കുമെന്നും സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.