പാതാളത്ത് പെരിയാര്‍ വീണ്ടും ചുവന്നൊഴുകി

കളമശ്ശേരി: മത്സ്യക്കുരുതിയും പ്രതിഷേധങ്ങളും നിലനില്‍ക്കുമ്പോഴും പെരിയാറിലേക്ക് വീണ്ടും രാസമാലിന്യം ഒഴുക്കി പുഴ ചുവന്നൊഴുകുന്നു. പാതാളം ബണ്ടിന് മുകളിലാണ് പുഴ കടുത്ത ചുവപ്പുനിറത്തില്‍ ഒഴുകിയത്. ചൊവ്വാഴ്ച ഉച്ച മുതലാണ് നിറം മാറി ഒഴുകാന്‍ തുടങ്ങിയത്. വേലിയിറക്കസമയം നോക്കി എടയാര്‍ വ്യവസായ മേഖലയിലെ ചില കമ്പനികളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം തള്ളിയതാണ് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. രണ്ടുദിവസം മുമ്പ് പെരിയാറിന്‍െറ കൈവഴിയായ മുട്ടാര്‍ പുഴയില്‍ ഓക്സിജന്‍ ലഭിക്കാതെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന്‍െറ പ്രതിഷേധം അടങ്ങുംമുമ്പാണ് പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയിരിക്കുന്നത്. ഈ ഭാഗത്ത് കഴിഞ്ഞ ഒരുമാസത്തിനിടെ 13ാം തവണയാണ് പുഴ നിറംമാറി ഒഴുകുന്നത്. മുട്ടാര്‍ പുഴയിലെ മത്സ്യക്കുരുതിക്ക് കാരണം മലിനജലവും കക്കൂസ് മാലിന്യവും കലര്‍ന്നതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാണിക്കുമ്പോള്‍, പാതാളം പുഴയിലെ നിറംമാറ്റത്തിന് മറുപടി നല്‍കാന്‍ പി.സി.ബി തയാറാകുന്നില്ല. മത്സ്യക്കുരുതിയെ തുടര്‍ന്ന് പുഴയില്‍നിന്ന് ജലത്തിന്‍െറ സാമ്പ്ള്‍ ശേഖരിക്കാനത്തെിയ പി.സി.ബി ഉദ്യോഗസ്ഥരെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും മണിക്കൂറുകളോളം റോഡില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് പ്രതിഷേധം ശമിപ്പിക്കുകയും ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തെങ്കിലും പിറ്റേദിവസം നടന്ന ചര്‍ച്ച പ്രഹസനമായി. പുഴ മലിനമാകുന്നത് കണ്ടുപിടിക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡുകാരെ കലക്ടര്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.