പഴയ കോടതികെട്ടിടം പൊളിച്ചു; മനുഷ്യനിര്‍മിത കൊത്തുപണികളും ബ്രാഹ്മി ലിപിയും കണ്ടത്തെി

പെരുമ്പാവൂര്‍: നഗരമധ്യത്തിലെ തിരുവിതാംകൂര്‍ കാലഘട്ടത്തിലുള്ള കോടതികെട്ടിടം പൊളിച്ചുനീക്കിയപ്പോള്‍ മനുഷ്യനിര്‍മിത കൊത്തുപണികളും ബ്രാഹ്മി ലിപിയും കണ്ടത്തെി. പെരുമ്പാവൂരിലെ പ്രാദേശിക ചരിത്രകാരനായ ഇസ്മായില്‍ പള്ളിപ്രം നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന ആര്‍ക്കിയോളജി ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാറും കോഴിക്കോട് സര്‍വകലാശാല മുന്‍ മലയാളവിഭാഗം മേധാവിയും കേരളത്തിലെ പുരാലിഖിത ശാസ്ത്ര വിദഗ്ധനുമായ ഡോ. ടി. പവിത്രനും സ്ഥലം പരിശോധിച്ചു. കച്ചേരിക്കുന്നില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തറയോടുകൂടിയ ആല്‍മരം നിന്നിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പാറശിലകള്‍ കണ്ടത്തെിയത്. ശിലകളില്‍ കൊത്തിയിരുന്ന കൈപ്പത്തിയില്‍ കാണപ്പെട്ട വരകള്‍ പുരാതന ലിപിയാണോ എന്ന് പരിശോധിക്കാന്‍ ചിത്രങ്ങള്‍ ഡോ. പവിത്രന് അയച്ചിരുന്നു. ഇവ പരിശോധിച്ച അദ്ദേഹം വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ച് ബ്രാഹ്മി ലിപിയാണെന്ന് സ്ഥിതീകരിക്കുകയായിരുന്നു. അദ്ദേഹം നല്‍കിയ വിവരണത്തിന്‍െറ അടിസ്ഥാനത്തില്‍ ആര്‍ക്കിയോളജി ഡയറക്ടര്‍ ശനിയാഴ്ച രാത്രി പരിശോധന നടത്തുകയും ഇവ മനുഷ്യനിര്‍മിത കൊത്തുപണികളാണെന്ന് വിലയിരുത്തുകയും ചെയ്തു. ശിലകളില്‍ കണ്ടത്തെിയ വരകള്‍ ബ്രാഹ്മിയാണോ എന്ന് ഉറപ്പുവരുത്താന്‍ അടുത്തദിവസം തിരുവനന്തപുരത്തുനിന്ന് ലിപി വിദഗ്ധരെ അയക്കുമെന്ന് ആര്‍ക്കിയോളജി ഡയറക്ടര്‍ പറഞ്ഞു. കണ്ടത്തെിയ ചിത്രപ്പണികളുള്ള കല്ലുകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാകാന്‍ സാധ്യതയുണ്ടെന്നും ഇവ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരുമ്പാവൂര്‍ ലോക്കല്‍ ഹിസ്റ്ററി സെന്‍റര്‍ സന്ദര്‍ശിച്ച് അവിടെ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഉറുമി ഇരുമ്പ് യുഗത്തിലേതാണെന്ന് പറഞ്ഞു. പറവൂര്‍ പട്ടണം, എടക്കല്‍, തൊവരി, മഞ്ചേശ്വരം, മടിക്കൈ, കൂടംമുട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ബ്രാഹ്മി പിശോധിച്ചിട്ടുള്ള ഡോ. പവിത്രന്‍ ഈ മാസം 30ന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ‘പെരിയാര്‍ നദീതട സംസ്കാരവും പഴയ ലിപികളും’ വിഷയത്തില്‍ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.