പുക്കാട്ടുപടി: ചൂണ്ടി-ചുണങ്ങംവേലി റോഡില്‍ വാഹനാപകടങ്ങള്‍ പെരുകുന്നു. ആലുവ-പെരുമ്പാവൂര്‍ പ്രൈവറ്റ് റൂട്ടില്‍ ചൂണ്ടി, ചുണങ്ങംവേലി, നാലാംമൈല്‍ ഭാഗത്താണ് നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്നത്. തിങ്കളാഴ്ച ചുണങ്ങംവേലി മഠത്തിന് സമീപം ടിപ്പര്‍ ലോറി സ്കൂട്ടറുമായി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. രണ്ടുദിവസം മുമ്പ് ചുണങ്ങംവേലി സ്കൂളിന് മുന്നില്‍ കാറിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. കാറും ഓട്ടോയും ഇടിച്ച് മറ്റൊരാള്‍ക്കും കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ചൂണ്ടി ജങ്ഷനില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ ബസുമായിടിച്ച് പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. നാലാംമൈലില്‍ അപകടത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. റോഡിലെ വളവും പാലത്തിന് വീതിയില്ലാത്തതും മുന്നറിയിപ്പ് ബോര്‍ഡോ റോഡ് മുറിച്ചുകടക്കാന്‍ ‘സീബ്രാ’ ലൈനോ ഇല്ലാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണം. അധികാരികളുടെ ശ്രദ്ധയില്‍ പലവട്ടം പെടുത്തിയിട്ടും നടപടികളുണ്ടാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ഭാഗത്തെ പാലത്തിന് വീതി കൂട്ടുകയും വളവുകള്‍ നിവര്‍ത്തണമെന്നുമാണ് പ്രധാന ആവശ്യം. പാലത്തിന് സമീപം നടപ്പാലം നിര്‍മിച്ചെങ്കിലും ഗതാഗത പ്രശ്നത്തിന് പരിഹാരമായില്ളെന്ന് പറയുന്നു. ചൂണ്ടി ജങ്ഷനിലെ വാഹനത്തിരക്ക് ഒഴിവാക്കുന്നതിന് നെസ്റ്റിന് സമീപത്തുകൂടിയുള്ള കനാല്‍ പാലം വഴി ബൈപാസ് റോഡ് പ്രാവര്‍ത്തികമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കൂടാതെ അപകട മേഖലാ മുന്നറിയിപ്പ് സ്ഥാപിക്കാനും വേഗനിയന്ത്രണത്തിനും സംവിധാനമുണ്ടാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.