ജലഗതാഗത വകുപ്പിന്‍െറ ജെട്ടികള്‍ ഉടന്‍ നവീകരിക്കും –മന്ത്രി തിരുവഞ്ചൂര്‍

മട്ടാഞ്ചേരി: ജലഗതാഗത വകുപ്പിന്‍െറ മട്ടാഞ്ചേരിയിലെ ജെട്ടികള്‍ അടിയന്തരമായി നവീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജലഗതാഗത വകുപ്പിന്‍െറ ഉടമസ്ഥയിലുള്ള മട്ടാഞ്ചേരിയിലെ മൂന്ന് ജെട്ടികളില്‍ സര്‍ന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഫോര്‍ട്ട് കൊച്ചി കസ്റ്റംസ് ജെട്ടി, മട്ടാഞ്ചേരി ജെട്ടി, മരക്കടവ് ജെട്ടി എന്നിവടങ്ങളിലാണ് മന്ത്രി സന്ദര്‍ശിച്ചത്. കസ്റ്റംസ് ജെട്ടിയിലെ ശുചിമുറി നവീകരിച്ച് യാത്രക്കാര്‍ക്കായി തുറന്നുനല്‍കും. ജെട്ടിയുടെ വികസനത്തിനായി പോര്‍ട്ട് ട്രസ്റ്റിന്‍െറ സഹായം തേടും. നിലവില്‍ ജലഗതാഗത വകുപ്പിന്‍െറ കൈവശമുള്ള ബോട്ടിന് പോര്‍ട്ട് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ കൂടുതല്‍ സര്‍വിസ് നടത്തും. പുതുതായി 14 സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് താമസമെടുക്കും. ഈ ബോട്ടുകള്‍ വന്നാല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് കൂടുതല്‍ സര്‍വിസ് നടത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.മട്ടാഞ്ചേരി ബോട്ട് ജെട്ടിയില്‍ ആഴക്കുറവ് മൂലം പലപ്പോഴും ബോട്ടുകള്‍ അടുപ്പിക്കാന്‍ കഴിയുന്നില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അടിയന്തരമായി ഡ്രഡ്ജിങ് നടത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തുക തന്‍െറ ഫണ്ടില്‍നിന്ന് അനുവദിക്കാമെന്ന് ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ വ്യക്തമാക്കി. പത്തുലക്ഷം രൂപ നഗരസഭയില്‍നിന്ന് നല്‍കാമെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ ടി.കെ. അഷറഫും ഉറപ്പ് നല്‍കി. ഇവിടത്തെ ശുചിമുറിയും നവീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മട്ടാഞ്ചേരി മരക്കടവ് ജെട്ടിയില്‍ ജലഗതാഗത വകുപ്പിന്‍െറ ബോട്ട് കൊണ്ടുവന്ന് ഇവിടെ അടുക്കുമോയെന്ന് പരിശോധിക്കാനും നവീകരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനും നിര്‍ദേശം നല്‍കി. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എക്ക് പുറമെ കൗണ്‍സിലര്‍ ടി.കെ. അഷറഫ്, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, പി.എച്ച്. നാസര്‍, എന്‍.കെ. നാസര്‍, പി.എം. അസ്ലം, സി.ഇ. സിയാദ്, എം.എച്ച്.എം. അഷറഫ്, മുഹമ്മദാലി, എ.എം. അയ്യൂബ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.