കൊച്ചി: കായല്‍ ഭംഗിയാല്‍ ഹൃദ്യമായ സന്ദര്‍ശക കേന്ദ്രമായ ഗോശ്രീ ചാത്യാത്ത് റോഡ് ഇനി രാജ്ഞിയുടെ വഴിത്താര (ക്യൂന്‍സ് വേ) എന്ന് അറിയപ്പെടും. സംസ്ഥാന ടൂറിസം വകുപ്പില്‍നിന്ന് ലഭിച്ച അഞ്ചു കോടിരൂപ വിനിയോഗിച്ചാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓട്ടോമേറ്റഡ് വാക് വേ ആയ ക്യൂന്‍സ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജിഡ റോഡ് തുടങ്ങുന്നിടത്തുനിന്ന് ചാത്യാത്ത് പള്ളിവരെ 1.8 കിലോമീറ്ററിലാണ് മനോഹരമായ ഈ മ്യൂസിക്കല്‍ വാക് വേ. പഴയ നടപ്പാതക്ക് വീതിക്കുറവായതിനാല്‍ ഒരുരുമീറ്റര്‍ കായലിലേക്ക് കാന്‍ഡിലിവര്‍ സ്ളാബ് നിര്‍മിച്ച് വീതി കൂട്ടിയിട്ടുണ്ട്. നിലവിലെ കണ്ടല്‍ക്കാടുകളും മരങ്ങളും സംരക്ഷിച്ചാണ് നിര്‍മാണം. ഭംഗിയുള്ള ടൈലുകള്‍ വിരിച്ച് നടപ്പാത ആകര്‍ഷകമാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ 120 ബെഞ്ച്, മരങ്ങളുടെ ഭംഗി വര്‍ധിപ്പിക്കാന്‍ ട്രീ ഹൈലൈറ്ററുകള്‍, നടപ്പാതയുടെ ഭംഗി വര്‍ധിപ്പിക്കാന്‍ എല്‍.ഇ.ഡി സ്ട്രിപ് ലൈറ്റിങ് എന്നിവയെല്ലാം ക്യൂന്‍സ് വേയുടെ പ്രത്യേക ആകര്‍ഷണങ്ങളാണ്. കായലിനോടുചേര്‍ന്ന ഭാഗത്ത് ഉപ്പുകാറ്റുകൊണ്ട് തുരുമ്പിക്കാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഹാന്‍ഡ് റെയിലുകളാണ് സ്ഥാപിച്ചത്. നടപ്പാത റോഡിനൊടുചേരുന്ന ഭാഗത്തും റോഡിന്‍െറ മീഡിയനിലും ഭംഗിയുള്ള ലാന്‍ഡ് സ്കേപ്പിങ്, നടപ്പാതയുടെ ഒരു ഭാഗത്തായി 50 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ആംഫി തിയറ്റര്‍, സി.സി.ടി.വി കാമറകള്‍ എന്നിവയും സജ്ജമാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിനായിരുന്നു പദ്ധതിയുടെ നിര്‍മാണച്ചുമതല. രണ്ടാം ഘട്ടത്തില്‍ നടപ്പാതയുടെ റോഡിനോടുചേര്‍ന്ന് വരുന്ന വശത്ത് ഗ്രില്ലുകള്‍, രണ്ട് ബയോ ടോയ്ലറ്റുകള്‍, കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും ദുരുപയോഗം തടയാനുമായി ഹൈഡെഫിനിഷന്‍ നൈറ്റ് വിഷന്‍ സി.സി.ടി.വി കാമറകള്‍, സൗജന്യ വൈഫൈ തുടങ്ങിയ സൗകര്യങ്ങളൊരുക്കും. ടൂറിസം വകുപ്പില്‍നിന്ന് ഹൈബി ഈഡന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് പദ്ധതിക്ക് പണം ലഭ്യമായത്. സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ലൈറ്റിങ് സംവിധാനം, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വഴിത്താരയിലെ വിളക്കുകള്‍ തെളിച്ച് മന്ത്രി എ.പി. അനില്‍ കുമാര്‍ വഴിത്താര പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലൂഡി ലൂയിസ് എം.എല്‍.എ., ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കലക്ടര്‍ എം.ജി. രാജമാണിക്യം, ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ക് പരീത്, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ എസ്. സുഹാസ്, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, സ്ഥിരം സമതി അധ്യക്ഷരായ ഗ്രേസി ജോസഫ്, കെ.വി.പി. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ ആന്‍സ ജയിംസ്, ഡലീന പിന്‍ഹീറോ, ഒ.പി. സുനില്‍, ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, ദീപക് ജോയ്, ഗ്രേസി ബാബു ജേക്കബ്, വി.ആര്‍. സുധീര്‍, കെ.എക്സ്. ഫ്രാന്‍സിസ്, പി.ഡി. മാര്‍ട്ടിന്‍, സിനിമതാരം ആസിഫ് അലി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.