പട്ടികജാതി യുവാവിന് മര്‍ദനം: മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

കോതമംഗലം: പട്ടികജാതിക്കാരനായ യുവാവിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്നുമുളള ആവശ്യം ശക്തമാകുന്നു. കോഴിപ്പിള്ളി പിടവൂര്‍ പാറത്താഴത്ത് അമല്‍ രാജിനാണ് (18) മര്‍ദനമേറ്റത്. കുടമുണ്ട കവലക്ക് സമീപം ഇക്കഴിഞ്ഞ അഞ്ചിന് വൈകുന്നേരം സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കെ ഡ്യൂട്ടി കഴിഞ്ഞ് മഫ്തിയില്‍ സ്വന്തം വാഹനത്തിലത്തെിയ പൊലീസുകാരനുമായി വാഹനം കടന്നു പോകുന്നത് സംബന്ധിച്ച കശപിശയാണ് മര്‍ദനത്തില്‍ കലാശിച്ചത്. കശപിശക്കിടയില്‍ സ്റ്റേഷനില്‍ നിന്നത്തെിയ ജീപ്പില്‍ അമല്‍, സുഹൃത്തുക്കളായ ജോയല്‍ ജോസ്, അമല്‍ സുരേന്ദ്രന്‍ എന്നിവരെ കയറ്റിക്കൊണ്ടുപോവുകയും സ്റ്റേഷനില്‍ എത്തിയ ഉടനെ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് മൂവരെയും മര്‍ദിക്കുകയുമായിരുന്നു. പെറ്റിക്കേസ് ചാര്‍ജ് ചെയ്തശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയും മര്‍ദന വിവരം പുറത്തുപറഞ്ഞാല്‍ വെളിച്ചം കാണുകയില്ലായെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അമലിന് നടുവേദനയും മൂത്ര തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഏഴിന് കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് മര്‍ദന വിവരം പുറത്തറിയുന്നത്. അവശനിലയിലായ അമലിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പിന്നീട് മാറ്റി. പക്ഷേ ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.എം.എസ്, ഇടത് സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കം നടത്തിയെങ്കിലും പൊലീസുകാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പക്ഷം നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെ സമീപിക്കാന്‍ കെ.പി.എം.എസ് താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. യൂനിയന്‍ പ്രസിഡന്‍റ് പി.ടി. സജി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.