കൊച്ചി: പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി സാങ്കേതിക മികവോടെ കൊച്ചിയില്‍ സംയോജിത ജലഗതാഗത പദ്ധതി നടപ്പാക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സംഘടിപ്പിച്ച ശില്‍പശാല. കൊച്ചി മെട്രോക്ക് അനുബന്ധമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം റോഡ് ഗതാഗതത്തിലെ തിരക്ക് കുറക്കാനും കഴിയണമെന്ന് ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു. നിലവില്‍ സര്‍വിസ് നടത്തുന്ന ജലഗതാഗത വകുപ്പിന്‍െറയും സി.എസ്.ഐ.എന്‍.സിയുടെയും സര്‍വിസുകള്‍ക്ക് തടസ്സമുണ്ടാകാത്ത വിധത്തിലായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതി മത്സ്യത്തൊഴിലാളികളെയും ബാധിക്കരുത്. ഗതാഗത സംവിധാനം എന്നതിലുപരി തീരവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി കൂടിയായിരിക്കണം നടപ്പാക്കേണ്ടതെന്നും ശില്‍പശാല ചൂണ്ടിക്കാട്ടി. ശില്‍പശാലയില്‍ ഉയര്‍ന്ന ആശയങ്ങള്‍ സംയോജിപ്പിച്ച് പദ്ധതിരേഖ തയാറാക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. കൊച്ചിയിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ വേഗതയേറിയതും സുരക്ഷിതവുമായ ജലയാനങ്ങള്‍ ഉപയോഗിച്ച് ജലഗതാഗതം ആധുനികവത്കരിക്കുന്ന പദ്ധതിയാണ് സംയോജിത ജലഗതാഗത പദ്ധതി. കെ.എം.ആര്‍.എല്ലിനാണ് 682.01 കോടി ചെലവ് വരുന്ന പദ്ധതി തയാറാക്കിയത്. 78 കടത്തുബോട്ടാണ് പദ്ധതിയിലുള്ളത്. ഇതിന് 38 ജെട്ടികളുണ്ടാക്കും. ഇലക്ട്രിക്ക് ഫീഡര്‍ ബസുകള്‍, ബോട്ട് യാര്‍ഡുകള്‍, ഡിപ്പോകള്‍, തെരുവ് വിളക്കുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായിരിക്കും. ഒരു ദ്വീപ് ഒരു ബോട്ട് ഹബ് എന്ന സങ്കല്‍പത്തിലായിരിക്കും പുതിയ പദ്ധതിരേഖ. കൊച്ചിക്കു സമീപത്തെ ഓരോ ദ്വീപിലും കേന്ദ്രീകൃത ബോട്ട് ജെട്ടികളുണ്ടാകും. 76 കിലോമീറ്ററാണ് ജലഗതാഗത പദ്ധതിയുടെ ദൈര്‍ഘ്യം. സംയോജിത ജലഗതാഗത പദ്ധതിയിലെ ബോട്ട് സര്‍വിസിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. 2019ല്‍ 78 ബോട്ടുകളും പദ്ധതിക്കായി ലഭിക്കുമെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. മേയര്‍ സൗമിനി ജയിന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. റിയര്‍ അഡ്മിറല്‍ ആര്‍.ബി. പണ്ഡിറ്റ്, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ജര്‍മന്‍ വായ്പാ ഏജന്‍സിയായ കെ.എഫ്.ഡബ്ള്യൂ പ്രതിനിധി കെ. ഉഷാറാവു, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, സിസ്റ്റം ഡയറക്ടര്‍ പ്രവീണ്‍ ഗോയല്‍ എന്നിവര്‍ സംസാരിച്ചു. റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍.മേനോന്‍, മുന്‍ മേയര്‍ കെ.ജെ. സോഹന്‍, ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ എന്‍. ഉണ്ണി, കെ.എം.ആര്‍.എല്‍ ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) കൊനെയ്ന്‍ ഖാന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.