ഗാര്‍മെന്‍റ് ഫാക്ടറിയില്‍ കഞ്ചാവ് വില്‍പന: രണ്ടുപേര്‍ പിടിയില്‍

ആലുവ/നെടുമ്പാശ്ശേരി: കഞ്ചാവ് വലിച്ച പത്താം ക്ളാസ് വിദ്യാര്‍ഥിയെ പിന്തുടര്‍ന്ന എക്സൈസ് സംഘം വലയിലാക്കിയത് വന്‍ റാക്കറ്റിനെ. പെരുമ്പാവൂരിന് സമീപം വല്ലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗാര്‍മെന്‍റ് യൂനിറ്റ് കേന്ദ്രീകരിച്ച് നടത്തിവന്ന കഞ്ചാവ് വില്‍പനയാണ് ഇതോടെ പുറത്തുവന്നത്.എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഫ്തിയിലത്തെി കഞ്ചാവ് വില്‍പനക്കാരെ തിരയുന്നതിനിടെയാണ് പെരുമ്പാവൂര്‍ സ്വദേശിയായ പത്താം ക്ളാസ് വിദ്യാര്‍ഥി കഞ്ചാവ് വലിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് ഗാര്‍മെന്‍റ് ഫാക്ടറിയിലെ ജീവനക്കാരനാണ് പതിവായി കഞ്ചാവ് തരാറുള്ളതെന്ന് വെളിപ്പെടുത്തിയത്. ഇയാളെ പിടികൂടാനുള്ള ശ്രമമാണ് വന്‍ റാക്കറ്റിനെ വലയിലാക്കാന്‍ സഹായിച്ചത്.ഗാര്‍മെന്‍റ് വളപ്പില്‍ എത്തിയപ്പോള്‍ നമ്പര്‍ പ്ളേറ്റില്ലാത്തെ കാര്‍ കണ്ടത് കൂടുതല്‍ പരിശോധനക്ക് നിര്‍ബന്ധിതരാക്കി. ഇതില്‍നിന്ന് കാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തു. മാത്രമല്ല, ഗാര്‍മെന്‍റ് ഫാക്ടറി പരിശോധിച്ചപ്പോള്‍ അവിടെ കഞ്ചാവ് പൊതിയാന്‍ കഴിയുന്ന തരത്തിലുള്ള നിരവധി ബാഗുകളും പ്രത്യേക രീതിയില്‍ ഉണ്ടാക്കിവെച്ചത് കണ്ടത്തെി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനിയിലെ ജീവനക്കാരായ കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി വിഷ്ണു, കോടനാട് കുറിച്ചിലക്കോട് സ്വദേശി സനു പീറ്റര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാളെക്കൊണ്ട് ഫാക്ടറിയുടമയെ ഫോണില്‍ വിളിപ്പിച്ചപ്പോഴാണ് കൂടുതല്‍ കഞ്ചാവെടുക്കാനായി പൊള്ളാച്ചിയിലാണെന്ന് വെളിപ്പെട്ടത്. ഇത് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എത്തിച്ചുകൊടുക്കുന്നത് ഫാക്ടറിയിലെ ജീവനക്കാരായ വിഷ്ണുവും സനു പീറ്ററുമാണെന്ന് എറണാകുളം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ ടി.എസ്. ശശികുമാര്‍ പറഞ്ഞു. ഫാക്ടറിയുടമയായ കൂവപ്പടി സ്വദേശി ഷൈജുവിനെയും സഹായി കോടനാട് സ്വദേശി ജോമോനെയും കേസില്‍ പ്രതിയാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.