മാംസപ്പൊതിയില്‍ കഞ്ചാവ് കൊടുത്തുവിട്ട സംഭവം: രണ്ടാമന്‍ കോടതിയില്‍ കീഴടങ്ങി

പെരുമ്പാവൂര്‍: കുവൈത്തിലേക്ക് മടങ്ങിയയാളുടെ കൈവശം അയാള്‍ അറിയാതെ, പാചകംചെയ്ത മാംസപ്പൊതിയില്‍ കഞ്ചാവ് കൊടുത്തുവിട്ട സംഭവത്തില്‍ ഒളിവിലായിരുന്ന യഥാര്‍ഥ പ്രതികളില്‍ രണ്ടാമന്‍ കോടതിയില്‍ കീഴടങ്ങി. ചെമ്പറക്കി അരുന്തിശ്ശേരി വീട്ടില്‍ അല്‍ത്താഫാണ്(23) പെരുമ്പാവൂര്‍ കോടതിയില്‍ കീഴടങ്ങിയത്. പാചകംചെയ്ത മാംസ പൊതിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ കുവൈത്തില്‍ വെച്ച് പെരുമ്പാവൂര്‍ സൗത് വല്ലം സ്വദേശി കബീറാണ് പിടിയിലായത്. സംഭവത്തിലെ ഒന്നാംപ്രതി പോഞ്ഞാശ്ശേരി കിഴക്കന്‍ വീട്ടില്‍ റിനീഷിനെ പെരുമ്പാവൂര്‍ പൊലീസ് കഴിഞ്ഞ 12ന് പിടികൂടിയിരുന്നു. കുവൈത്തില്‍ ജോലിചെയ്യുന്ന സഹോദരനും ഫ്രീ വിസയില്‍ ജോലി നോക്കിയിരുന്ന അല്‍ത്താഫിനുംവേണ്ടിയായിരുന്നു റിനീഷ് പാചകംചെയ്ത് കൊടുത്തുവിട്ട മാംസപ്പൊതിയില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ചത്. കബീറും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്ത് ഇത് അയല്‍വാസികളെ ഏല്‍പിക്കുകയായിരുന്നു. ആദ്യം 10 ഗ്രം കഞ്ചാവാണെന്നാണ് വിചാരിച്ചിരുന്നതെങ്കിലും 900 ഗ്രാം കഞ്ചാവാണ് ഇരുവര്‍ക്കുമായി കബീര്‍ അറിയാതെ മാംസപ്പൊതിയില്‍ കൊടുത്തയച്ചത്. കുവൈത്തില്‍ കബീര്‍ പിടിയിലാകുമ്പോള്‍, നാട്ടില്‍നിന്ന് കൊടുത്തുവിട്ട പൊതി സ്വീകരിക്കാന്‍ അല്‍ത്താഫ് എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നെങ്കിലും കബീര്‍ പിടിയിലായതറിഞ്ഞ് ഇയാള്‍ എയര്‍പോര്‍ട്ടില്‍നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടിലത്തെിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു. മൂന്നാംപ്രതി ഗള്‍ഫില്‍ തന്നെ ഡ്രൈവിങ് ജോലിയിലാണുള്ളത്. ഒരു കിലോയില്‍ താഴെ പിടികൂടിയാല്‍ ജാമ്യം ലഭിക്കുമെന്ന നിയമവ്യവസ്ഥയില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ 22നാണ് കേസിനാസ്പദമായ സംഭവം. കോടതി നടപടികളിലൂടെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് കബീറിനെ മോചിപ്പിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.