പുത്തന്‍വേലിക്കര ബിവറേജസ് വില്‍പന കേന്ദ്രം തീവെച്ച് നശിപ്പിച്ചു

പറവൂര്‍: ബിവറേജസ് കോര്‍പറേഷന്‍െറ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറ മദ്യവില്‍പനശാല അജ്ഞാതസംഘം തീവെച്ച് നശിപ്പിക്കാന്‍ ശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടെയാണ് പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തിലെ കണക്കന്‍കടവില്‍ ആലമറ്റം റോഡില്‍ സ്ഥിതിചെയ്യുന്ന വില്‍പന ശാലയാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്. ഏകദേശം ഒരുലക്ഷം രൂപയുടെ മദ്യം നശിച്ചതായി ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പരിശോധനക്ക് ശേഷമേ നാശത്തിന്‍െറ കണക്ക് വ്യക്തമാകൂ. എന്നാല്‍, ഇരുമ്പ് സേഫില്‍ സൂക്ഷിച്ച 34,19,975 രൂപ നഷ്ടപ്പെട്ടില്ല. മൂന്ന് ദിവസത്തെ വിറ്റുവരവായിരുന്നു അലമാരയില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ അഞ്ചോടെ നടക്കാനിറങ്ങിയ സമീപവാസികളാണ് കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ പൊലീസിനെയും അഗ്നിശമന സേനയെയും അറിയിച്ചു. മാളയില്‍നിന്നത്തെിയ അഗ്നിശമന സേനയാണ് തീയണച്ചത്. ആലമറ്റം റോഡില്‍ പാടത്തിനരികില്‍ വിജനമായ പ്രദേശത്താണ് മദ്യവില്‍പനശാല. ലോക്കറില്‍ സൂക്ഷിച്ച പണം അപഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതാകാം കെട്ടിടം തീവെച്ചതിന് കാരണമെന്നാണ് പൊലീസിന്‍െറ നിഗമനം. ഷട്ടറിനടിയിലൂടെ തീ കൊളുത്തിയാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്. കൗണ്ടറിന്‍െറ മുന്‍വശത്തുണ്ടായിരുന്ന മദ്യക്കുപ്പികളാണ് കത്തിനശിച്ചത്. എന്നാല്‍, കാര്‍ട്ടണിലും ഹാളിലും സൂക്ഷിച്ചവ നശിച്ചില്ല. പൊലീസിന്‍െറ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പ്രാഥമിക പരിശോധന നടത്തി. സേഫിലെ പണം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എണ്ണിത്തിട്ടപ്പെടുത്തി തിങ്കളാഴ്ച ബാങ്കില്‍ നിക്ഷേപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.