കൊച്ചി പ്രഖ്യാപനത്തോടെ അന്നം 2015ന് സമാപനം

കൊച്ചി: പ്രാദേശിക ഭക്ഷണത്തിന്‍െറ പോഷകമൂല്യവും രുചിവൈവിധ്യവും വിളമ്പിയ അഞ്ചുദിവസത്തെ അന്നം 2015 ദേശീയ ഭക്ഷ്യ-കാര്‍ഷിക ജൈവവൈവിധ്യ മേള സമാപിച്ചു. സമാപന സമ്മേളനം പ്രഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ടി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. സെന്‍റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ അന്നം കൊച്ചി പ്രഖ്യാപനം വിശദീകരിച്ചു. സെക്രട്ടറി ജനറല്‍ കെ.ജി. വേണുഗോപാല്‍ പരിപാടി വിശദീകരിച്ചു. ബി. പ്രകാശ് ബാബു സ്വാഗതവും സിസ്സ പബ്ളിക്കേഷന്‍ മേധാവി കെ.പി. ശിവകുമാര്‍ നന്ദിയും പറഞ്ഞു. നല്ല ഭക്ഷണം മൗലികാവകാശമാണെന്നത് ഉള്‍പ്പെടെ 14 ഇന കൊച്ചി പ്രഖ്യാപനത്തോടെയാണ് അന്നം 2015 സമാപിച്ചത്. നിയമങ്ങളും നടപടികളും ശക്തമായി നടപ്പാക്കി ഈ മൗലികാവകാശം ഉറപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങളും മെഡിക്കല്‍ കോളജുകളും മാറുന്ന ഭക്ഷണശീലങ്ങള്‍ മുഖേനയുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠന-ഗവേഷണങ്ങള്‍ ഏറ്റെടുക്കണം എന്നതാണ് പ്രഖ്യാപനത്തിലെ മറ്റൊരിനം. നല്ല ഭക്ഷണശീലത്തെക്കുറിച്ച് ശാസ്ത്രീയാടിത്തറയുള്ള തെളിവുകളും അറിവും സമൂഹത്തിന് നല്‍കാന്‍ ഇതിലൂടെ കഴിയും. പ്രാഥമികതലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ജൈവഭക്ഷണം ലഭ്യമാക്കണം, ജൈവകൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നീ നിര്‍ദേശങ്ങളും അന്നം കൊച്ചി പ്രഖ്യാപനം മുന്നോട്ടുവെക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.