ആലുവ: ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ കുട്ടികളെ സംരക്ഷിച്ച് സുരക്ഷിത ഭാവിയൊരുക്കുന്ന ആലുവ എസ്.ഒ.എസ് ചില്‍ഡ്രന്‍സ് വില്ളേജ് രജതജൂബിലി നിറവില്‍. ആഘോഷം എസ്.ഒ.എസ് ഗ്രാമത്തില്‍ വ്യാഴാഴ്ച നടക്കും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എസ്.ഒ.എസ് വില്ളേജ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് എസ്. സന്‍ഡില്യ അധ്യക്ഷത വഹിക്കും. 1949ല്‍ ഓസ്ട്രിയയിലെ ഇംസ്റ്റില്‍ ഡോ. ഹെര്‍മന്‍ മൈനറാണ് ‘സേവ് അവര്‍ സോള്‍’ എന്ന പ്രസ്ഥാനം ആരംഭിച്ചത്. പിന്നീട് ഇതിന്‍െറ ഭാഗമായാണ് ആലുവ എടത്തലയില്‍ 1990ല്‍ എസ്.ഒ.എസ് ഗ്രാമം പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ ആദ്യമായി എസ്.ഒ.എസ് ഗ്രാമം നിലവില്‍ വന്നത് 1986ല്‍ തൃശൂര്‍ മുളയത്താണ്. ആലുവയില്‍ അങ്കമാലി അതിരൂപതയും ചുണങ്ങുംവേലിയിലെ സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂഡുമാണ് ഇതിന് സഹായങ്ങള്‍ ചെയ്തത്. സഭയുടെ കീഴിലെ എട്ട് ഏക്കര്‍ ഭൂമി ലഭിച്ചതോടെ ഗ്രാമം ആരംഭിച്ചു. ആരോരുമില്ലാതെ ജീവിതത്തില്‍ ഒറ്റപ്പെട്ട നിരവധി കുട്ടികളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. എല്ലാ ജില്ലകളിലുമുള്ള ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് എസ്.ഒ.എസിലേക്ക് കുട്ടികളെ റഫര്‍ ചെയ്യുന്നത്. ഓരോ വീട്ടിലും ഓരോ അമ്മയുണ്ടാകും. അവിവാഹിതരോ വിധവകളോ ആയ, മറ്റ് ബാധ്യതകളില്ലാത്തവരെയാണ് എസ്.ഒ.എസ് ഗ്രാമത്തില്‍ അമ്മമാരായി നിയമിക്കുന്നത്. 14 വയസ്സുവരെ ആണ്‍കുട്ടികള്‍ അവരുടെ അമ്മമാരോടൊപ്പം കഴിയും. പിന്നീട്, തൊട്ടടുത്ത യൂത്ത് ഹോമിലായിരിക്കും അവരുടെ താമസം. ആകെ 268 പേരാണ് ഇന്ന് എസ്.ഒ.എസ് ഗ്രാമത്തിന്‍െറ തണലില്‍ കഴിയുന്നത്. വിവിധ മതത്തില്‍പെട്ടവര്‍ക്കായി ഒരേ കോമ്പൗണ്ടില്‍ 15 ഭവനങ്ങള്‍ തീര്‍ത്താണ് കുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. ഓരോ ഭവനത്തിന്‍െറയും ചുമതല അമ്മമാര്‍ക്കാണ്. 148 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. 25 പേര്‍ എസ്.ഒ.എസിന്‍െറ കീഴിലുള്ള യൂത്ത് ഹോസ്റ്റലിലും കഴിയുന്നു. ബാക്കിയുള്ളവര്‍ വിദ്യാഭ്യാസ ആവശ്യത്തിനായി പുറത്ത് പല ഹോസ്റ്റലുകളിലും മറ്റുമാണ് കഴിയുന്നത്. സ്നേഹനിധിയായ അമ്മക്കൊപ്പം കുട്ടികള്‍ക്ക് സഹോദരിമാരും സഹോദരന്മാരും കൂട്ടുണ്ട്. അവര്‍ ഒരു കുടുംബം പോലെ ഇവിടെ കഴിയുന്നു. ഇവിടെ ഗൃഹനാഥനില്ല. ആകെയുള്ളത് അമ്മമാത്രം. സ്വന്തം വീടു പോലെതന്നെ. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും കഥ പറയാനും കടയില്‍ പോകാനും സ്കൂളില്‍ പോകുന്നവരെ ഒരുക്കാനും എല്ലാം കൂട്ടായുള്ളത് അമ്മ തന്നെ. എസ്.ഒ.എസില്‍ എത്തുന്ന കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത്ര വിദ്യാഭ്യാസം നേടുന്നതിന് സാഹചര്യമുണ്ട്. എം.ബി.എ ചെയ്തവരും എന്‍ജിനീയറിങ്, നഴ്സിങ് ബിരുദധാരികളും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇവിടെ വളര്‍ന്ന കുട്ടികള്‍ എത്തിപ്പെടുന്നുണ്ട്. ജോലിതേടി പോയവരും വിവാഹം കഴിച്ച് താമസമാക്കിയവരും ആഘോഷ സമയത്തും ഒഴിവുദിനങ്ങളിലും ഈ വീട്ടിലേക്ക് തിരികെവരും. അവരെ കാത്ത് അവരുടെ അമ്മയും വീട്ടിലുണ്ടാകും. 10 വര്‍ഷം പൂര്‍ത്തിയാക്കിയ അമ്മമാരെ എസ്.ഒ.എസ് മോതിരം കൊടുത്ത് ആദരിക്കാറുണ്ട്. 60 വയസ്സുവരെയുള്ള സേവനത്തിനുശേഷം റിട്ടയര്‍ചെയ്ത ഏഴ് അമ്മമാര്‍ റിട്ടയേഡ് മദേഴ്സ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്നു. 1998 ലാണ് എസ്.ഒ.എസില്‍നിന്ന് ആദ്യമായി ഒരാളുടെ വിവാഹം നടക്കുന്നത്. ഇതുവരെ 125 വിവാഹം ഇവിടെ നടന്നുകഴിഞ്ഞു. 1998ല്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഏറ്റവും നല്ല ശിശുക്ഷേമ സംഘടനക്കുള്ള പുരസ്കാരം ആലുവ എസ്.ഒ.എസിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.