സ്മാര്‍ട്ട് സിറ്റി നാലുവരിപ്പാത 10നകം സജ്ജമാകും

കൊച്ചി: സ്മാര്‍ട്ട് സിറ്റിയിലേക്കുള്ള നിര്‍ദിഷ്ട നാലുവരിപ്പാത ഈ മാസം 10നകം സജ്ജമാകും. ചൊവ്വാഴ്ച പൊതുമരാമത്ത് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഈ മേഖലയിലെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഓരോ ദിവസവും പൂര്‍ത്തീകരിക്കേണ്ട പണി സംബന്ധിച്ച് അദ്ദേഹം പൊതുമരാമത്ത് അധികൃതര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയാണ് മടങ്ങിയത്. ഓരോ പ്രവൃത്തിയുടെയും പൂര്‍ത്തീകരണവേളയില്‍ അദ്ദേഹം വീണ്ടും ഇവിടെ സന്ദര്‍ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറിയുടെ അവലോകനത്തെ തുടര്‍ന്ന് ഇന്‍ഫോപാര്‍ക്കിന്‍െറ മുന്‍വശത്ത് കാര്‍ണിവല്‍ മുതല്‍ കിന്‍ഫ്ര പാര്‍ക്ക് ഗേറ്റ് വരെയുള്ള ഒന്നാംഘട്ടം നാലിനകം പൂര്‍ത്തീകരിക്കും. ഈ ഭാഗത്ത് ഇപ്പോള്‍ ബി.എം ബി.സി നിലവാരത്തില്‍ റോഡ് നിര്‍മിച്ചുവരുകയാണ്. മീഡിയന്‍ നിര്‍മാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. കിന്‍ഫ്ര മുതല്‍ ബ്രഹ്മപുരം വരെയുള്ള രണ്ടാംഘട്ടം ഈ മാസം ആറിനകം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. കാര്‍ണിവല്‍ മുതല്‍ ഐ.എം.ജി ജങ്ഷന്‍ വരെയുള്ള മൂന്നാംഘട്ടത്തിന്‍െറ പണിയാണ് 10നകം തീര്‍ക്കുക. ഇവിടെ കുഴിക്കാട്ടുമൂല വരെ റോഡ് ഉയര്‍ത്തുന്നതിന് നടപടിയായി. ഇതോടൊപ്പം അഞ്ച് വൈദ്യുതി പോസ്റ്റുകള്‍ അടിയന്തരമായി മാറ്റാനുള്ള നടപടിയും കെ.എസ്.ഇ.ബി തുടങ്ങി. ഒന്നാംഘട്ടത്തില്‍ റോഡ് വീതികൂട്ടാനും നടപ്പാത ഒരുക്കാനും മറ്റുമായി ഇന്‍ഫോപാര്‍ക്കിന്‍െറ സഹായവും മുഹമ്മദ് ഹനീഷ് തേടിയിട്ടുണ്ട്. പൊലീസ് സഹായം ആവശ്യമെങ്കില്‍ അതും തേടാന്‍ ഹനീഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ക്കുന്ന സ്മാര്‍ട്ട് സിറ്റി അവലോകനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നാണ് ഈ റോഡിന്‍െറ പൂര്‍ത്തീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.