സ്മാര്‍ട്ട്സിറ്റി: അറ്റ്കിന്‍സിന് സഹായവുമായി ഐ.സി.ആര്‍.എയും

കൊച്ചി: കൊച്ചിയെ സ്മാര്‍ട്ടാക്കാന്‍ ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് സ്ഥാപനത്തെ കൊച്ചിന്‍ ബ്രിഡ്ജസ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും സഹായിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടതിനുപിന്നാലെ കൊച്ചി നഗരസഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഐ.സി.ആര്‍.എയുടെ പങ്കാളിത്തം അറിയിച്ചത്. ഡബ്ള്യു അറ്റ്കിന്‍സ് മേയര്‍ക്ക് കൈമാറിയ 43 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യരേഖയെ അഞ്ചായി തരംതിരിച്ചാണ് സ്മാര്‍ട്ട് കൊച്ചിയുടെ രൂപരേഖ തയാറാക്കുന്നത്. സിറ്റി പ്രൊഫൈല്‍, മേഖല തിരിച്ചുള്ള നിര്‍ദേശം, പാന്‍ സിറ്റി നിര്‍വഹണ പദ്ധതി, സാമ്പത്തികാസൂത്രണം തുടങ്ങിയവയാണ് രൂപരേഖയില്‍ ഉള്‍പ്പെട്ടത്. പഴയ കൗണ്‍സില്‍ അംഗീകരിച്ചിരുന്ന പ്രോജക്ട് പുതിയ കൗണ്‍സില്‍ അംഗീകരിച്ചതോടെ സ്മാര്‍ട്ട് കൊച്ചി അവസാനഘട്ട പണിപ്പുരയിലാണ്. നിലവിലെ കൊച്ചിക്ക് സാരമായ മാറ്റം വരുത്താതെ നിലനിര്‍ത്തിയാകും പുതിയ വികസനപദ്ധതികള്‍. എല്ലാ പ്രമുഖ ഗതാഗതസൗകര്യങ്ങളും ഉള്ള കൊച്ചിയെ രാജ്യാന്തര നിലവാരത്തോടുകൂടിയുളള 20 സ്മാര്‍ട്ട് സിറ്റികളിലൊന്നാക്കാനാകുമെന്നാണ് പ്രതീക്ഷ. ജി.സി.ഡി.എയില്‍ നടത്തിയ ചര്‍ച്ചയില്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, സെക്രട്ടറി ആര്‍. ലാലു തുടങ്ങിയവരും പങ്കെടുത്തു. കുടിവെള്ള വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, കനാല്‍ ശുചീകരണവും നവീകരണവും, ഗതാഗതം, പൈതൃക സംരക്ഷണം, സോളാര്‍ ട്രീ നിര്‍മാണം എന്നിവക്കായിരിക്കും പദ്ധതിയില്‍ മുന്‍ഗണനയെന്ന് അറ്റ്കിന്‍സ് പ്രതിനിധികള്‍ പറഞ്ഞു. ജി.സി.ഡി.എ.യുടെ നേതൃത്വത്തില്‍ ഡോ. കലാം മാര്‍ഗ് സൗരോര്‍ജത്തിലാക്കുന്നതുള്‍പ്പെടെ നടപടി പുരോഗമിക്കുന്നതായി ചെയര്‍മാനും സെക്രട്ടറിയും സംഘത്തെ ധരിപ്പിച്ചു. കൊച്ചി നഗരസഭയില്‍ നടന്ന ചടങ്ങില്‍ തദ്ദേശഭരണ സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, അറ്റ്കിന്‍സ് ഇന്‍റര്‍നാഷനല്‍ സിറ്റീസ് ഡയറക്ടര്‍ റോജര്‍ സാവേജ്, റീജനല്‍ അഡൈ്വസര്‍ ഷിജോയി തോമസ്, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സെക്രട്ടറി വി.ആര്‍. രാജു, അഡീഷനല്‍ സെക്രട്ടറി എ.എസ്. അനൂജ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.