നിര്‍ധന കുടുംബത്തിന് ബസുടമകളുടെ കൈത്താങ്ങ്

പെരുമ്പാവൂര്‍: ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ട പള്ളിക്കവല മറ്റത്തില്‍ വീട്ടില്‍ ഹക്കീമിന്‍െറ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനായി തങ്ങളുടെ ബസ് സര്‍വിസിലൂടെ ലഭിച്ച ഒരു ദിവസത്തെ വരുമാനം മുഴുവന്‍ നല്‍കി ബസുടമകള്‍ മാതൃകയായി. ആലുവ-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന കാച്ചാംകുഴി ബ്രദേഴ്സിന്‍െറ ഉടമസ്ഥതയിലുള്ള സോണിയ, മഹാറാണി ബസുകളാണ് ഒരു ദിവസത്തെ 12 ട്രിപ്പിലെ മുഴുവന്‍ വരുമാനവും നല്‍കി മാതൃകയായത്. ഹക്കീമിന്‍െറ സുഹൃത്തുക്കളും ബന്ധുക്കളും ബക്കറ്റുകളുമായി യാത്രക്കാരെ സമീപിച്ചപ്പോള്‍ ഓണത്തിരക്കിനിടയില്‍ അവരും സഹായിക്കാന്‍ സന്മനസ്സ് കാണിച്ചു. ആലുവ, പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളിലെ കച്ചവടക്കാരുകൂടി ഈ മഹാമനസ്കതയില്‍ പങ്കാളികളായപ്പോള്‍ 70,000 രൂപ ഫണ്ടിലേക്ക് ലഭിച്ചു. ഹക്കീമിന്‍െറ കുടുംബത്തെ സഹായിക്കാന്‍ രൂപവത്കരിച്ച സമിതിയുടെ നേതൃത്വത്തിലാണ് കലക്ഷന്‍ നടന്നത്. പെരുമ്പാവൂര്‍ സബ് ഇന്‍സ്പെക്ടര്‍ ഹണി കെ. ദാസ് ആദ്യ തുക ബക്കറ്റില്‍ നിക്ഷേപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. അന്‍വാറുല്‍ ഇസ്ലാം മസ്ജിദ് പ്രസിഡന്‍റ് കെ.എഫ്. അബ്ദുല്‍ ജലീല്‍, ബസ് ഉടമകളായ കെ.എം. ഇബ്രാഹീം, കെ.എം. മൊയ്തീന്‍, സമിതി കണ്‍വീനര്‍ കെ.എ. നൗഷാദ്, സുബൈര്‍ മുണ്ടക്കല്‍, മൊയ്തീന്‍കുഞ്ഞ് മൊല്ല, മുജീബ് മാമ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.