കാക്കനാട്: മഹാബലിയുടെ ആസ്ഥാനത്ത് ഒൗദ്യോഗിക ഓണാഘോഷത്തിന് തുടക്കമായി. വ്യാഴാഴ്ച തൃപ്പൂണിത്തുറ അത്തം നഗറില്‍നിന്ന് ഘോഷയാത്രയായി കൊണ്ടുവന്ന ഓണപ്പതാക കലക്ടറേറ്റ് ജങ്ഷനില്‍ ബെന്നി ബഹനാന്‍ എം.എല്‍.എയാണ് ഉയര്‍ത്തിയത്. തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, വൈസ് ചെയര്‍പേഴ്സണ്‍ ഷെറീന ഷുക്കൂര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.ഡി. സുരേഷ്, രാധാമണി പിള്ള, കൗണ്‍സിലര്‍മാരായ എ.എ. ഇബ്രഹീംകുട്ടി, സേവ്യര്‍ തായങ്കരി, നൗഷാദ് പല്ലച്ചി, ജിജോ ചിങ്ങംതറ, എ.വി. തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ അഞ്ച് ദിവസം നീളുന്ന പരിപാടികള്‍ക്ക് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ട് വേദിയാകും. തൃക്കാക്കര ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് പതാക നഗരസഭക്ക് കൈമാറിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃക്കാക്കര നഗരസഭാ കമ്യൂണിറ്റി ഹാളില്‍ പൂക്കള മത്സരം നടന്നു. 29ന് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചിന് അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും. 30ന് വൈകുന്നേരം ഏഴിന് പരേഡ് ഗ്രൗണ്ടില്‍ കൊച്ചി പ്രണവം മെഗാ മ്യൂസിക്കല്‍ നൈറ്റിന്‍െറ ഗാനമേള. 31ന് ഉച്ചക്ക് 2.30ന് ചെമ്പുമുക്കില്‍നിന്ന് ഓണം ഘോഷയാത്ര കാക്കനാട് ജങ്ഷനിലേക്ക് പുറപ്പെടും. ഗജവീരന്‍മാര്‍ അകമ്പടിയാകും. മാവേലി, ശിങ്കാരിമേളം, പഞ്ചവാദ്യം ബാന്‍ഡ് മേളം, നാസിക് ദൂള്‍, കാവടി, തെയ്യം, കുതിരകളി, പുലികളി, പമ്പാമേളം, തുടങ്ങിയവ അണിനിരക്കുന്ന ഘോഷയാത്രയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും കുടുംബശ്രീ യൂനിറ്റ് അംഗങ്ങളും അങ്കണവാടി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും ഒത്തുചേരും. വൈകുന്നേരം 6.30ന് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാബു, കെ.വി. തോമസ് എം.പി തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി എട്ടിന് സുരാജ് വെഞ്ഞാറമൂടും സംഘവും അവതരിപ്പിക്കുന്ന മെഗാഷോയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.